തിരുപ്പതി: തിരുപ്പതി ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന പരാതി അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. ചീഫ് സെക്രട്ടറി നീരഭ് കുമാർ പ്രസാദ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഗുണ്ടൂർ റേഞ്ച് ഐജി സർവശ്രേഷ്ഠ ത്രിപാഠിയുടെ നേതൃത്വത്തിലാണ് എസ്ഐടി അന്വേഷണം നടത്തുക.
വിശാഖ റേഞ്ച് ഡിഐജി ഗോപിനാഥ് ജെട്ടി, വൈഎസ്ആർ ജില്ല എസ്‌പി ഹർഷവർധൻ രാജു, തിരുപ്പതി അഡീഷണൽ എസ്‌പി (അഡ്‌മിൻ) വെങ്കിട്ട റാവു, ഡിഎസ്‌പിമാരായ ജി സീതാരാമ റാവു, ശിവനാരായണ സ്വാമി, അന്നമയ്യ ജില്ല ഇൻസ്പെക്‌ടർ (എസ്ബി) ടി സത്യ നാരായണ, എൻടിആർ ജില്ല പൊലീസ് കമ്മിഷണറേറ്റ് ഇൻസ്പെക്‌ടർ കെ ഉമാമഹേശ്വർ, ചിറ്റൂർ ജില്ല കല്ലൂർ സിഐ എം സൂര്യനാരായണ എന്നിവരും എസ്ഐടിയിലെ അംഗങ്ങളാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐടി സർക്കാർ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ തേടിയേക്കും. അന്വേഷണത്തിൽ സർക്കാരിന്‍റെ ഏത് വകുപ്പിൽ നിന്നും പ്രസക്തമായ വിവരങ്ങളും സഹായവും എസ്ഐടിക്ക് ആവശ്യപ്പെടാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്ലാ സർക്കാർ വകുപ്പുകളും ഇതിന് സഹകരിക്കണമെന്നും എസ്ഐടി ആവശ്യപ്പെടുന്ന വിവരങ്ങളും സാങ്കേതിക സഹായവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.
വൈഎസ്ആർസിപി സർക്കാർ ശ്രീ വെങ്കിടേശ്വര ക്ഷേത്രം പോലും വെറുതെ വിട്ടില്ലെന്നും ലഡു നിർമ്മാണത്തിന് ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചെന്നും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അടുത്തിടെ നടന്ന ടിഡിപി നിയമസഭ കക്ഷി യോഗത്തിൽ ആരോപിച്ചിരുന്നു. സംഭവം എസ്ഐടി അന്വേഷിക്കുമെന്ന് നേരത്തെ തന്നെ ചന്ദ്രബാബു നായിഡു അറിയിക്കുകയും ചെയ്‌തു.
എന്നാൽ, മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുന്ന ഒരു ഏജൻസിയെ ഉപയോഗിച്ച് ആരോപണങ്ങൾ അന്വേഷിക്കുന്നത് പര്യാപ്‌തമല്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് വൈഎസ്ആർസിപി നേതാക്കൾ പറയുന്നത്.
Also Read:തിരുപ്പതി പ്രസാദത്തിലെ മൃഗക്കൊഴുപ്പ്; പുരി ജഗന്നാഥ ക്ഷേത്രത്തിലെ നെയ്യും പരിശോധിക്കാന്‍ നീക്കം