ബെംഗളുരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നത്തെ തെരച്ചിലിലും നിരാശയായിരുന്നു ഫലം. ഡ്രഡ്‌ജര്‍ എത്തിച്ച് സ്ഥലത്ത് പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്‌ണ സെയില്‍ അറിയിച്ചു. ലോറി ചെളിയില്‍ പുതഞ്ഞ് പോയിട്ടുണ്ടാകാമെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഈശ്വര്‍ മാല്‍പെയെ സംഘം ഒഴുക്കില്‍പ്പെട്ടതിന് തുടര്‍ന്ന് നേരത്തെ രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. അല്‍പ സമയത്തിന് ശേഷം വീണ്ടും രക്ഷാദൗത്യം തുടര്‍ന്നെങ്കിലും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല.
ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന സ്ഥലത്തൊന്നും അര്‍ജുനെ കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്‌ടര്‍ ലക്ഷ്‌മി പ്രിയ പറഞ്ഞു. നിരവധി തവണ ഈശ്വര്‍ മാല്‍പെ ആഴത്തില്‍ ഇവിടെ പരിശോധന നടത്തിയെന്നും കലക്‌ടര്‍ വ്യക്തമാക്കി. കുന്ദാപുരയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് പുഴയിലിറങ്ങി പരിശോധിച്ചത്. പുഴയില്‍ ചെളിയും പാറയുമാണ് കണ്ടെത്താനായതെന്ന് തെരച്ചില്‍ നടത്തിയ സംഘത്തിലെ ഈശ്വര്‍ മാല്‍പെ പറഞ്ഞു.