കേരളം

kerala

ETV Bharat / bharat

നരേന്ദ്ര മോദിയുമായുള്ള ഷെയ്‌ഖ് ഹസീനയുടെ കൂടിക്കാഴ്‌ച നാളെ: തീസ്‌ത ജലതര്‍ക്കം ചര്‍ച്ചാവിഷയമായേക്കും - Bangladesh PM visit - BANGLADESH PM VISIT

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഈ മാസം രണ്ടാം വട്ടവും ഇന്ത്യയിലെത്തുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. തീസ്‌തയിലെ ജലം പങ്കിടല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍, മൊങ്‌ള തുറമുഖം, വായ്‌പ ചട്ടക്കൂട് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

TEESTA WATER ISSUE  ബംഗ്ലാദേശ് പ്രധാനമന്ത്രി സന്ദര്‍ശനം  തീസ്‌ത നദീജലതര്‍ക്കം  Sheikh Hasina Meet Narendra Modi
Sheikh Hasina And Narendra Modi (ETV Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 8:28 PM IST

ന്യൂഡല്‍ഹി:പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായിബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന നാളെ കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ച നടത്താന്‍ ഷെയ്‌ഖ് ഹസീന ഇന്ന് ഡല്‍ഹിയിലെത്തി. ദീര്‍ഘകാലമായി തുടരുന്ന തീസ്‌ത നദീജല തര്‍ക്കം, ചൈനയുമായുള്ള ബന്ധം, മൊങ്ള തുറമുഖ നടത്തിപ്പ്, പ്രതിരോധ മേഖലയിലെ ഇടപാടുകള്‍ തുടങ്ങിയവ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തേക്കും.

രാജ്യത്ത് വീണ്ടും ബിജെപി അധികാരമേറ്റതിന് ശേഷം ആദ്യം ഇന്ത്യയിലെത്തുന്ന വിദേശ ഭരണാധികാരിയാണ് ഹസീന. നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിലും ഹസീന പങ്കെടുത്തിരുന്നു.

തീസ്‌ത നദീ ജലതര്‍ക്കം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയില്‍ തീസ്‌ത നദിയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദികളിലൊന്നാണ് തീസ്‌ത. സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകിയാണ് തീസ്‌ത ബംഗ്ലാദേശില്‍ പ്രവേശിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ഉപജീവനമാര്‍ഗവും ഈ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ തീസ്‌തയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി തര്‍ക്കം തുടരുകയാണ്. ഇത് പല രാഷ്‌ട്രീയ നയതന്ത്ര വിഷയങ്ങള്‍ക്കും കാരണമായിട്ടുമുണ്ട്.

വരള്‍ച്ചാകാലത്ത് ബംഗ്ലാദേശിലേക്കുള്ള തീസ്‌ത നദിയുടെ ഒഴുക്കാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കത്തിന്‍റെ പ്രധാന കാരണം. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്ന നദിയാണ് തീസ്‌ത. ഇത് ബംഗ്ലാദേശിന്‍റെ 2,800 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കൂടിയും സിക്കിമിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെയും ഒഴുകുന്നു. തീസ്‌തയുടെ മൊത്തം ദൈര്‍ഘ്യമായ 414 കിലോമീറ്ററില്‍ 151 കിലോമീറ്റര്‍ ദൂരം സിക്കിമിലൂടെയും 142 കിലോമീറ്റര്‍ പശ്ചിമ ബംഗാളിലൂടെയും 121 കിലോമീറ്റര്‍ ബംഗ്ലാദേശിലൂടെയുമാണ് ഒഴുകുന്നത്. സെക്കന്‍ഡില്‍ ശരാശരി പരമാവധി 7932.01 ക്യൂബിക് മീറ്റര്‍ വെള്ളവും ചുരുങ്ങിയത് 283.28 ക്യൂബിക് മീറ്റര്‍ വെള്ളവും ബംഗ്ലാദേശിലെ തീസ്‌ത അണക്കെട്ടിലെ മുകളിലെ അരുവിയായ ഡാലിയയില്‍ കൂടി ഒഴുകുന്നുവെന്നാണ് കണക്കാക്കുന്നത്.

ഇത് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം. കാരണം ചൈന ബംഗ്ലാദേശില്‍ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നുണ്ട്. ബംഗ്ലാദേശ് ചൈനയില്‍ നിന്ന് 100 കോടി അമേരിക്കന്‍ ഡോളര്‍ വായ്‌പയായി വാങ്ങുന്നു.

തീസ്‌ത നദിയിലെ ജലസംഭരണത്തിനായാണ് ഈ തുക ചെലവിടുക. നദീതടത്തെ കാര്യക്ഷമമായി ഉപയോഗിക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും വേനല്‍ക്കാലത്തെ ജലക്ഷാമം നേരിടാനുമുള്ള പദ്ധതികള്‍ക്കായാകും ഈ തുക വിനിയോഗിക്കുക. പദ്ധതിയില്‍ ഇന്ത്യയ്ക്കും താത്‌പര്യമുള്ളതായി വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വത്ര ഈ മാസം ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു.

2011ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ തീസ്‌ത നദീ ജല തര്‍ക്കത്തില്‍ ഒരു ധാരണയുടെ വക്കിലെത്തിയതാണ്. എന്നാല്‍ അവസാന നിമിഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിങ്ങിനൊപ്പം കരാറില്‍ ഒപ്പ് വയ്ക്കാന്‍ എത്താതെ പിന്‍മാറി.

ഇതോട ഉടമ്പടി ത്രിശങ്കുവിലായി. ഉടമ്പടി മൂലം വെള്ളത്തില്‍ വന്‍ കുറവ് ഉണ്ടാകുമെന്നായിരുന്നു മമതയുടെ പക്ഷം. പശ്ചിമ ബംഗാളിന്‍റെ വടക്ക് ഭാഗത്തുള്ള 1.20 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത് ജലസേചനത്തിന് തീസ്‌തയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നദീജല തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വിദേശകാര്യ പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ചിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന വിഷയം പരിഹരിക്കാന്‍ ഡല്‍ഹിക്കും ധാക്കയ്ക്കും താത്‌പര്യമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. വിഷയത്തില്‍ ഒരു പരസ്‌പര ധാരണയിലെത്താന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ നിരന്തരം ചര്‍ച്ച നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിരുന്നു.

മൊങ്ള തുറമുഖം: ബംഗ്ലാദേശിന്‍റെ ബാഗേര്‍ ഘട്ട് ജില്ലയിലുള്ള ഈ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. ഖുല്‍ന നഗരത്തില്‍ നിന്ന് ഏകദേശം 48 കിലോമീറ്റര്‍ അകലെയായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയുടെ ശക്തമായ കവാടമായി വര്‍ത്തിക്കുന്ന തുറമുഖം കൂടിയാണിത്. പ്രത്യേകിച്ച് ബംഗ്ലാദേശിന്‍റെ ദക്ഷിണ പശ്ചിമ മേഖലയുടേത്. ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ഇന്ത്യയ്ക്കും തന്ത്രപരമായി ഏറെ താത്പര്യമുള്ള തുറമുഖം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം തുറമുഖത്തോട് അടുത്ത് കിടക്കുന്ന മൊങ്ള എക്‌സ്‌പോര്‍ട്ട് പ്രോസസിങ് സോണില്‍ ചൈനീസ് കമ്പനി ഒരു ഫാക്‌ടറി തുടങ്ങാന്‍ വന്‍ നിക്ഷേപം നടത്താന്‍ ധാരണയിലെത്തിയിരുന്നു. ചൈനീസ് കമ്പനിയായ യുണ്‍ ഷെങ് ബിഡി വസ്‌ത്ര ഫാക്‌ടറിക്കായാണ് നിക്ഷേപം നടത്താന്‍ ധാരണയിലെത്തിയിട്ടുള്ളത്. മേഖലയില്‍ ഇത്രയും വലിയ നിക്ഷേപം നടത്തുന്ന ആദ്യ കമ്പനിയാണിത്.

മൊങ്ള തുറമുഖത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെ തുറമുഖത്തിന്‍റെ പ്രവര്‍ത്തന നിയന്ത്രണം ഏറ്റെടുക്കാനും പുതിയൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാനും ഇന്ത്യയും ലക്ഷ്യമിടുന്നു. നാളെ (ജൂണ്‍ 22) നടക്കുന്ന ചര്‍ച്ച വിജയകരമായാല്‍ ഇന്ത്യ നിയന്ത്രിക്കുന്ന മൂന്നാമത്തെ രാജ്യാന്തര തുറമുഖമാകും മൊങ്ള. നേരത്തെ ഇറാനിലെ ചബഹര്‍ തുറമുഖവും മ്യാന്‍മറിലെ സിത്വെ തുറമുഖവും നമ്മുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

വായ്‌പകള്‍ക്കുള്ള പുത്തന്‍ ചട്ടക്കൂടുകള്‍:ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ സഹായ പങ്കാളിയാണ് ഇന്ത്യ. 2010 മുതല്‍ ഇന്ത്യ 736 കോടി അമേരിക്കന്‍ ഡോളര്‍ ബംഗ്ലാദേശിന് വായ്‌പ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിന് കേവലം 173 കോടി അമേരിക്കന്‍ ഡോളറേ ഏപ്രില്‍ വരെ ഉപയോഗിക്കാന്‍ സാധിച്ചിട്ടുള്ളൂ. ചില ശക്തമായ വായ്‌പ നിയമങ്ങളാണ് ഇതിന് കാരണം.

ഓരോ പദ്ധതിക്കും ആവശ്യമായ സാധന സേവനങ്ങളില്‍ 65 മുതല്‍ 75 വരെ ശതമാനം ഇന്ത്യയില്‍ നിന്നാകണമെന്നാണ് വ്യവസ്ഥ. ഇത് പദ്ധതി നടപ്പാക്കുന്നത് വൈകിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഇന്ത്യന്‍ കരാറുകാരെ നിയമിക്കുന്നതിന് ഇരുരാജ്യങ്ങളിലുമുള്ള ഭരണപരമായ കാലതാമസവും പദ്ധതികളെ പിന്നോട്ടടിക്കുന്നു.

ഇതിന് പുറമെ മ്യാന്‍മര്‍ വിഷയം, പുത്തന്‍ റെയില്‍ ശൃംഖല, പ്രതിരോധ കച്ചവടങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയാകും. ഊര്‍ജം, സമ്പദ്ഘടന, ബന്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 കരാറുകളില്‍ ഏര്‍പ്പെടുമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

Also Read:മോദിയുടെ സത്യപ്രതിജ്ഞ നാളെ; ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തെത്തി -

ABOUT THE AUTHOR

...view details