ന്യൂഡല്‍ഹി: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ കൂറ്റന്‍ വിജയം അവരെ പ്രശംസിക്കാനും ബിജെപിയെ പരിഹസിക്കാനും ഉപയോഗിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'ഇക്കുറി 400 ഒടുവില്‍ സംഭവിച്ചിരിക്കുന്നു, പക്ഷേ അത് മറ്റൊരു രാജ്യത്താണ്' എന്ന് മാത്രമെന്നാണ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകളിലേറെ നേടുമെന്നും എന്‍ഡിഎ സഖ്യം 400 കടക്കുമെന്നുമായിരുന്നു അവരുടെ അവകാശവാദം.
എന്നാല്‍, മെയ് മാസത്തില്‍ അവസാനിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 240 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ. അതായത് കേവല ഭൂരിപക്ഷത്തിന് വളരെ താഴെ. എന്‍ഡിഎ സഖ്യം 293 സീറ്റുകള്‍ കൈപ്പിടിയിലൊതുക്കി.
കോണ്‍ഗ്രസിന് 90 സീറ്റ് നേടാനായി. ഇന്ത്യ സഖ്യം 234 സീറ്റും സ്വന്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് സ്വതന്ത്ര എംപിമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ സഖ്യത്തിന്‍റെ സംഖ്യ 236 ആയി.
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷും അഭിനന്ദിച്ചു. ബ്രിട്ടനില്‍ വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പ് ഇന്ത്യയില്‍ സംഭവിച്ചതിനെ അനുസ്‌മരിക്കുന്നതാണ് ഇപ്പോള്‍ ബ്രിട്ടനിലും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വയം പ്രഖ്യാപിത അജൈവ നേതാവിനെ അദ്ദേഹത്തിന്‍റെ എംപിമാര്‍ക്ക് തെരഞ്ഞെടുക്കാനായില്ല. മറിച്ച് സഖ്യത്തിന്‍റെ നേതാവായി അധികാരത്തില്‍ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഏതാണ്ടില്ലാതായ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനായി എല്ലാ പാര്‍ലമെന്‍ററി സംവിധാനങ്ങളും അവര്‍ ഉപയോഗിച്ചു. ഇത് കടുത്ത രാഷ്‌ട്രീയ, വ്യക്തിഗത, ധാര്‍മിക പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കെയ്‌ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താന്‍ ബ്രിട്ടനെ പുനര്‍നിര്‍മ്മിക്കാനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫലം വന്നതിന് പിന്നാലെ പ്രഖ്യാപിക്കുകയുമുണ്ടായി. റിഷി സുനക് നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയത്.
650 അംഗ സഭയില്‍ 412 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരം ഉറപ്പിച്ചത്. 2019ല്‍ കേവലം 211 സീറ്റുകള്‍ മാത്രമേ ഇവര്‍ക്ക് നേടാനായിരുന്നുള്ളൂ. സുനകിന്‍റെ കണ്‍സര്‍വേറ്റീവുകള്‍ക്ക് 121 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2019ലെ 250 സീറ്റില്‍ നിന്നാണ് ഈ വീഴ്‌ച. ലേബര്‍ പാര്‍ട്ടി 33.7 ശതമാനം വോട്ട് നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 23.7 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.
Also Read:തൊഴിലാളിവര്‍ഗ നേതാവില്‍ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയിലേക്ക്: ആരാണ് കെയ്‌ര്‍ സ്റ്റാര്‍മര്‍? അദ്ദേഹത്തിന്‍റെ വിജയം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?