ചണ്ഡീഗഡ് (പഞ്ചാബ്):ചൈനയെക്കുറിച്ചുള്ള കേന്ദ്രത്തിൻ്റെ നിലപാടിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ് ലോക്‌സഭ സ്ഥാനാർഥി ശശി തരൂർ. പാകിസ്ഥാൻ അധിനിവേശ കശ്‌മീരിനെ (പിഒകെ) സംബന്ധിച്ച ബിജെപിയുടെ നിലപാട് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ശശി തരൂർ പറഞ്ഞു. ചൈനീസ് അതിർത്തികളിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധിനിവേശ കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രസ്‌താവന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. പാക് അധിനിവേശ കശ്‌മീരിനെ കുറിച്ച് സംസാരിക്കുന്നവർ അത് അന്താരാഷ്‌ട്ര തലത്തിൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് അവർ ചിന്തിക്കുന്നില്ല, ചൈന വിഷയത്തിൽ അവർ എന്താണ് ചെയ്‌തത്?
'65 പട്രോളിങ് പോയിൻ്റുകളിൽ, കഴിഞ്ഞ 45 വർഷമായി കരാർ നന്നായി നടന്നിരുന്നു. പക്ഷേ, ഇപ്പോൾ 26 പോയിൻ്റിൽ, ചൈനീസ് സൈന്യമുണ്ട്, നമ്മുടെ ജവാൻമാർക്ക് അവിടേക്ക് പോകാൻ കഴിയില്ല. അതിന് ശ്രമിച്ചപ്പോൾ നമുക്ക് 20 ജവാൻമാരെ നഷ്‌ടമായി. ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. എന്നിട്ടവർ പാക് അധീന കശ്‌മീരിനെ കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം അസംബന്ധമാണ്'- തരൂർ പറഞ്ഞു.