ചെന്നൈ: ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചുകൂടി നേരത്തെ സന്ദർശനം നടത്തിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമെങ്കിലും കേന്ദ്ര സർക്കാർ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ഉചിതമായ ഫണ്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം, 'വരാതിരിക്കുന്നതിനേക്കാൽ നല്ലതാണ് വൈകിയാണെങ്കിലും എത്തുക എന്നത്' എന്ന് മോദിയുടെ വയനാട് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വയനാട്ടിൽ ജൂലൈ 30 ന് നടന്ന ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചിരുന്നു, 130ലധികം പേരെ കാണാതായി. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നീ ഗ്രാമങ്ങളിൽ വ്യാപക നാശനഷ്‌ടമാണ് ദുരന്തം വിതച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഞങ്ങളിൽ ചിലർ ചെയ്‌തത് പോലെ അദ്ദേഹം നേരത്തെ പോയി ദുരന്ത മേഖലയിലെ അവസ്ഥ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. കഴിഞ്ഞ ആഴ്‌ച ഞാൻ അവിടെ ഉണ്ടായിരുന്നു, അത് വളരെ വൈകാരികമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.