പൂനെ:തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റപ്പോൾ രാജ്യത്തെ നയിക്കാനുള്ള ജനവിധി അദ്ദേഹത്തിനുണ്ടോയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കുറവായതിനാൽ കേന്ദ്രത്തിൽ പുതിയ സഖ്യ സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയുടെ 25-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിൽ സംഘടിപ്പിച്ച പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി എംപിമാരെ മുതിർന്ന പവാര്‍ ആദരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന് രാജ്യത്തിൻ്റെ ജനവിധി ഉണ്ടായിരുന്നോ എന്നും രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് സമ്മതം നൽകിയിരുന്നോ എന്നും പവാര്‍ ചോദിച്ചു. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ല. ബിജെപിക്ക് ടിഡിപിയുടെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും സഹായം തേടേണ്ടിവന്നുവെന്നും അതുകൊണ്ട് മാത്രമാണ് മോദിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞതെന്നും പവാർ പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സർക്കാരിനെ 'ഇന്ത്യൻ സർക്കാർ' എന്ന് വിശേഷിപ്പിച്ചിരുന്നില്ല. പകരം 'മോദി സർക്കാർ, മോദിയുടെ ഗ്യാരണ്ടി' എന്നാണ് വിളിച്ചത്. ഇനി ആ 'മോദി ഗ്യാരണ്ടി' ഇല്ല. കാരണം പുതിയ എൻഡിഎ സർക്കാർ മുമ്പത്തേതിൽ നിന്നും വ്യത്യസ്‌തമാണ്. ഇന്ന് ഇത് മോദി സർക്കാരല്ല. ഇപ്പോൾ മോദിക്ക് എൻഡിഎ സർക്കാരെന്ന് പറയേണ്ടിവരുന്നു'.