ഹുബ്ബള്ളി:കർണാടകയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ വരും ദിവസങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസിൽ ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇതുമായി ബന്ധപ്പെട്ട രഹസ്യം താനിപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന്, "എനിക്ക് എങ്ങനെ രഹസ്യങ്ങൾ വെളിപ്പെടുത്താനാകും?" എന്നാണ് അദ്ദേഹം ചോദിച്ചത്.
വിമത ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറും, അറബയിൽ ശിവറാം ഹെബ്ബാറും കോൺഗ്രസിൽ ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. "എന്തുകൊണ്ടാണ് രണ്ട്-മൂന്ന് പേരുകൾ മാത്രം എടുക്കുന്നത്?"എന്നാണ് സോമശേഖറും ഹെബ്ബാറും കോൺഗ്രസിൽ ചേരുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ശിവകുമാർ മാധ്യമപ്രവർത്തകരോട് ചോദിച്ചത്.
കൂടുതൽ പേർ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം അനുകൂല ഭാവത്തിൽ തലയാട്ടി. മറ്റ് പാർട്ടികളിൽ നിന്ന് എത്രപേർ കോൺഗ്രസിൽ ചേരും എന്ന ചോദ്യത്തിന് സംസ്ഥാന കോൺഗ്രസ് മേധാവി പറഞ്ഞതിങ്ങനെ. "അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് എങ്ങനെയാണ്? പാർട്ടിയോട് താൽപ്പര്യമുള്ളവരെയും ആദരവുമുള്ള എല്ലാവരെയും പ്രാദേശികമായി ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ഞാൻ ഞങ്ങളുടെ പാർട്ടി പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്."