വിരുദുനഗർ (ചെന്നൈ) : തമിഴ്‌നാട്ടില്‍ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ അഞ്ച് സ്‌ത്രീകളടക്കം 9 പേർ മരിച്ചു. ഗർഭിണിയടക്കം 12 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമാണശാലയില്‍ ഇന്ന് (09-05-2024) ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. അപകടം നടക്കുമ്പോള്‍ 50-ല്‍ അധികം തൊഴിലാളികൾ ഫാക്‌ടറിയിലുണ്ടായുരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഫാന്‍സി പടക്കങ്ങൾ നിർമിക്കുന്നതിനായി തൊഴിലാളികൾ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശക്തമായ സ്ഫോടനത്തില്‍ ഏഴ് വെയർഹൗസുകൾ തകർന്നു. ഫാക്‌ടറിയില്‍ പടക്കം സൂക്ഷിച്ചിരുന്ന 30-ല്‍ അധികം മുറികളുണ്ടായിരുന്നു. ഇതില്‍ 8 മുറികളും സ്‌ഫോടനത്തില്‍ പൂർണമായും തകര്‍ന്നു.