ന്യൂഡല്‍ഹി:അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പുതിയ പേരുകള്‍ സംസ്ഥാനത്തെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റി മറിക്കില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അരുണാചല്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ മുപ്പത് സ്ഥലങ്ങളുടെ പുതിയ പേര് അടങ്ങിയ പട്ടിക ചൈന പുറത്ത് വിട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദ്യവുമായി രംഗത്ത് എത്തിയതോടെയാണ് മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ചൈനയുടെ ബുദ്ധിശൂന്യതയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളെ തങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. കണ്ടെത്തിയ പേരുകള്‍ അരുണാചല്‍പ്രദേശിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയസ്വാള്‍ പറഞ്ഞു.
ബീജിങ്ങ് അടിസ്ഥാന രഹിതമായി ആവര്‍ത്തിച്ച് അരുണാചലിന് മേല്‍ അവകാശവാദം ഉന്നയിക്കുന്നുവെന്ന് കഴിഞ്ഞ മാസം 28ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി ലിന്‍ജിയാന്‍ അരുണാചലിന് മേല്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ഇന്ത്യയുടെ മറുപടി.
11 ജനവാസ മേഖലകള്‍, 12 പര്‍വതങ്ങള്‍, നാല് നദികള്‍, ഒരു തടാകം, ഒരു പര്‍വത ഇടനാഴി, കുറച്ച് സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് ചൈന പുതിയ പേരുകള്‍ നല്‍കിയിരിക്കുന്നത്. ചൈനയിലെ അക്ഷരമാലകളും, ടിബറ്റന്‍, പിന്‍യിന്‍, റോമന്‍ അക്ഷരമാലയുടെ മന്‍ഡാരിന്‍ ചൈനീസ് മൊഴിമാറ്റവും മറ്റുമുപയോഗിച്ചാണ് പുതിയ പേരുകള്‍. ഈ മേഖലകളില്‍ തങ്ങളുടെ അവകാശവാദം ഉറപ്പിക്കാനാണ് ചൈനയുടെ ഈ നടപടി. എന്നാല്‍ എല്ലാ അവകാശവാദങ്ങളെയും ഇന്ത്യ തള്ളി.
2017ലാണ് ആദ്യം ചൈന അരുണാചലിലെ പ്രദേശങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടുള്ള പട്ടിക പുറത്ത് വിട്ടത്. ആറിടങ്ങളുടെ പേരുകളാണ് മാറ്റിയത്. 2021ല്‍ പതിനഞ്ച് സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടികയും ചൈന പുറത്ത് വിട്ടു. 2023ല്‍ 11 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടുള്ള പട്ടികയും ചൈന പുറത്തിറക്കി.
Also Read:അരുണാചലിന് മേല്‍ വീണ്ടും അവകാശവാദവുമായി ചൈന; പ്രാചീന കാലം മുതല്‍ തങ്ങളുടെ ഭാഗമെന്ന് ചൈനീസ് വക്താവ് - Beijings Claim On Arunachal Pradesh
അരുണാചല്‍ പ്രദേശിനെ ചൈന ഷങ്കന്‍ എന്നാണ് വിളിക്കുന്നത്. ദക്ഷിണ ടിബറ്റ് എന്ന പേരും ഉപയോഗിക്കുന്നുണ്ട്. സ്വയംഭരണ ടിബറ്റിന്‍റെ ഭാഗമാണ് അരുണാചല്‍ എന്നാണ് ചൈനയുടെ വാദം. മണ്ഡാരിനില്‍ ഷങ് എന്നാല്‍ ടിബറ്റ് ആണ്. നന്‍ എന്നാല്‍ തെക്കെന്നും അര്‍ത്ഥം.