കേരളം

kerala

ETV Bharat / bharat

മകന്‍ മരിച്ച ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അച്ഛനും യാത്രയായി; ഗോബിചെട്ടിപ്പാളയത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ്, ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു - EVKS ELANGOVAN PASSES AWAY

തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍, 2004-2009ലെ യുപിഎ മന്ത്രിസഭയില്‍ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി തുടങ്ങി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിരുന്നു.

EVKS ELANGOVAN  Senior Congress Leader Elangovan  MIOT Hospital  former textile minister
Senior Congress Leader EVKS Elangovan (ETV Bharat)

By ETV Bharat Kerala Team

Published : Dec 14, 2024, 12:31 PM IST

ചെന്നൈ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രാവിലെ 10.12നാണ് അന്ത്യം സംഭവിച്ചത്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്‍റെ സുപ്രധാന മുഖമായിരുന്നു. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍, 2004-2009ലെ യുപിഎ മന്ത്രിസഭയില്‍ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി തുടങ്ങി നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

1948 ഡിസംബര്‍ 21ന് ഈറോഡിലാണ് അദ്ദേഹം ജനിച്ചത്. ഗോബിചെട്ടിപാളയത്ത് നിന്ന് പാര്‍ലമെന്‍റിലെത്തി. പിന്നീട് 2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലുമെത്തി. ഇദ്ദേഹത്തിന്‍റെ മകന്‍ ഇ തിരുമഹന്‍ ഇവേരയുടെ അകാല മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

രാഷ്‌ട്രീയത്തില്‍ പുരോഗമന ശബ്‌ദമായി ഇവേര തന്‍റെ കുടുംബ പാരമ്പര്യം നിലനിര്‍ത്തി പോരുന്നതിനിടെയായിരുന്നു ആകസ്‌മിക അന്ത്യം. ഇതോടെ വീണ്ടും ഇവിടെ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുകയാണ്. ജനപ്രതിനിധികള്‍ വാഴാത്ത മണ്ഡലം എന്നൊരു ദുഷ്‌പേര് കൂടി ഇതോടെ മണ്ഡലത്തിന് മേല്‍ പതിച്ചിരിക്കുന്നു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കേവലം ഒരു കൊല്ലം മാത്രം തികയുമ്പോഴാണ് ഇളങ്കോവന്‍റെ അന്ത്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തമിഴ്‌നാട്ടിലെ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള പെരിയാര്‍ കുടുംബത്തിലെ അംഗമാണ്. പ്രമുഖ സാമൂഹ്യ പരിഷ്ക്കര്‍ത്താവായ പെരിയാര്‍ ഇ വി രാമസ്വാമിയുടെ അനന്തരവനും, പ്രമുഖ ദ്രവിഡിയന്‍ നേതാവുമായിരുന്ന ഇ വി കെ സമ്പത്തിന്‍റെ മകനുമാണ്. ദ്രവീഡിയന്‍ പ്രസ്ഥാനങ്ങളുമായി കുടുംബത്തിന് ആഴത്തില്‍ ബന്ധമുണ്ടായിരുന്നെങ്കിലും ഇളങ്കോവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്‍റെ മതേതര-ദേശീയ കാഴ്‌ചപ്പാടുകളാണ് അദ്ദേഹത്തെ അതിലേക്ക് ആകര്‍ഷിച്ചത്. ജീവിതത്തിലുടനീളം നെഹ്‌റു ഗാന്ധി കുടുംബത്തിന്‍റെ അടിയുറച്ച അനുയായി ആയിരുന്നു അദ്ദേഹം. ഇളങ്കോവന്‍ ഗോബിചെട്ടിപാളയത്തെ 2004 മുതല്‍ 2009 വരെയാണ് പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ചത്. ഗ്രാമീണ വികസനത്തിനും കര്‍ഷ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പ്രത്യേക ഊന്നല്‍ നല്‍കി. 2014 മുതല്‍ 2017 വരെ അദ്ദേഹം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ഏറെ വെല്ലവിളികള്‍ നിറഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിച്ചു.

തമിഴ്‌നാട് രാഷ്‌ട്രീയത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണ്. ദ്രവീഡിയന്‍, ദേശീയ പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി. അദ്ദേഹത്തിന്‍റെ മരണത്തില്‍ രാഷ്‌ട്രീയ സാമൂഹ്യ മേഖലകളില്‍ നിന്നുള്ളവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. രാമപുരത്തെ മിന്‍മയനാഥില്‍ ആയിരിക്കും സംസ്‌കാരം. സംസ്‌കാര ചടങ്ങുകളുടെ സമയം അറിവായിട്ടില്ല.

Also Read:പ്രസംഗത്തിന്‍റെ പേരിൽ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം; എതിർപ്പുമായി ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍

ABOUT THE AUTHOR

...view details