ന്യൂഡൽഹി :പാകിസ്ഥാനില്‍ നിന്നും ആണ്‍സുഹൃത്തിനൊപ്പം കഴിയാന്‍ ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ വീണ്ടും വാര്‍ത്തയാകുന്നു. സീമയ്‌ക്കെതിരെ അവരുടെ മുൻ ഭർത്താവ് പരാതി നൽകിയിരിക്കുകയാണിപ്പോള്‍. അവരുടെ മുന്‍ ഭർത്താവ് ഗുലാം ഹൈദർ വ്യാഴാഴ്‌ച (28-03-2024) സൂരജ്‌പൂർ കോടതിയിലാണ് ഹർജി നൽകിയത്.
വ്യാജരേഖ ചമച്ചാണ് സീമയും സച്ചിനും വിവാഹിതരായതെന്നാണ് ഗുലാം ഹൈദറിന്‍റെ ആരോപണം. വ്യാജരേഖ ചമച്ച് ജാമ്യം നേടിയെന്നാണ് സീമയ്‌ക്കെതിരെയുള്ള പരാതി. ഇതിന് പിന്നാലെ ജവാർ പൊലീസിന് കോടതി നോട്ടിസ് അയച്ചു. ഏപ്രിൽ 18 ന് ജവാർ പൊലീസ് മറുപടി നൽകണമെന്നാണ് നോട്ടിസിലുള്ളത്.
പാകിസ്ഥാൻകാരിയായ സീമ ഹൈദറും തന്‍റെ മൂന്ന് കുട്ടികളും പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് കടക്കുകയും അവിടെ നിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നാണ് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തിയതെന്നും ഗുലാം ഹൈദർ പറഞ്ഞു. സംഭവം പുറത്തറിഞ്ഞയുടൻ പൊലീസ് നടപടിയെടുക്കുകയും സീമ ഹൈദർ, സച്ചിൻ മീണ, സച്ചിന്‍റെ പിതാവ് നേത്രപാൽ എന്നിവരെ അറസ്‌റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്‌തു.
അറസ്‌റ്റ് നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മൂവർക്കും ജാമ്യം ലഭിച്ചു. ഇപ്പോൾ അവർ റബുപുരയിലാണ് താമസിക്കുന്നത്. നേപ്പാളിലെ പശുപതി ക്ഷേത്രത്തിൽ വച്ചാണ് താൻ സച്ചിനെ വിവാഹം കഴിച്ചതെന്ന് സീമ ഹൈദർ അവകാശപ്പെടുന്നു. എന്നാൽ വിവാഹ രേഖകൾ വ്യാജമാണെന്ന് കാണിച്ചാണ് സീമയുടെ മുൻ ഭർത്താവ് ഗുലാം ഹൈദർ ഇപ്പോൾ വക്കീൽ വഴി നോട്ടിസ് അയച്ചത്.