ഗുരുഗ്രാം(ഹരിയാന): നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി. ശനിയാഴ്‌ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 225 അര്‍ദ്ധ സൈനിക കമ്പനികളെയും 60,000 സുരക്ഷ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
11,000 സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് ഹരിയാന ഡിജിപി ശത്രു ജിത് കപൂര്‍ അറിയിച്ചു. ഹരിയാനയില്‍ നിന്ന് 60 കോടി അനധികൃത പണം പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. ഗുരുഗ്രാം, ഫരീദബാദ്, അമ്പാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. അടുത്തിടെ ഹരിയാന പൊലീസ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 27,000 ലിറ്റര്‍ മദ്യം പിടികൂടിയിരുന്നു.
നുഹ് മേഖലയാണ് ഏറ്റവും പ്രശ്‌നബാധിത മേഖലയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ 13 അര്‍ദ്ധസൈനിക കമ്പനിയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ വോട്ടെടുപ്പില്‍ സജീവമായി പങ്കെടുക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ജനാധിപത്യത്തിന് പൊതുജന പങ്കാളിത്തം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 അംഗ നിയമസഭയിലേക്കാണ് ശനിയാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത ചൊവ്വാഴ്‌ച വോട്ടെണ്ണും. പോളിങ് കേന്ദ്രങ്ങളില്‍ നിന്നുള്ള വെബ്‌കാസ്‌റ്റിങ് നിരീക്ഷണത്തിനായി സംസ്ഥാന, ജില്ല, നിയമസഭ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് ഹരിയാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കജ് അഗര്‍വാള്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.