റിയാസി (ജമ്മു കശ്‌മീർ) : തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മു കശ്‌മീരിലെ റിയാസിയിൽ ഇന്ത്യൻ സൈന്യം തെരച്ചിൽ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്‌ഡിആർഎഫ്) റിയാസിയിൽ എത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തും പരിസരത്തും ഇടതൂർന്ന വനമേഖലകളിലും തെരച്ചിൽ നടത്തുന്നതിന് ഡ്രോണുകളും ഉപയോഗിക്കുന്നു.
ഭീകരാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടതായി റിയാസി ജില്ല കമ്മിഷണർ വിശേഷ് മഹാജൻ സ്ഥിരീകരിച്ചു. 33 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം ഞായറാഴ്‌ച വൈകുന്നേരം 6.15 ഓടെയാണ് സംഭവം.
രക്ഷാപ്രവർത്തനം പൂർത്തിയായതായും പരിക്കേറ്റവരെ നറൈന, റിയാസി ജില്ല ആശുപത്രികളിലേക്ക് മാറ്റിയതായും റിയാസി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്, മോഹിത ശർമ്മ അറിയിച്ചു. 'യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ,' അദ്ദേഹം കൂട്ടിച്ചേർത്തു.