കേരളം

kerala

ETV Bharat / bharat

വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ; യാത്രക്കാരന്‍റെ പരാതിയില്‍ വിശദീകരണവുമായി ഇന്‍ഡിഗോ - സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ

യാത്രക്കിടെ പ്രശ്‌നം തങ്ങളെ അറിയിച്ചില്ലെന്ന് ഇന്‍ഡിഗോ. ഭക്ഷണ കാര്യത്തില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ നേരത്തെയും പരാതി. യാത്രക്കാരന് നല്‍കിയ സാന്‍ഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഡിസംബറില്‍

IndiGo flight food complaints  screw found in a sandwich  Complaints against IndiGo  സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ  ഇന്‍ഡിഗോ എയര്‍ലൈന്‍
screw-found-in-a-sandwich-served-in-indigo-flight

By ETV Bharat Kerala Team

Published : Feb 14, 2024, 8:05 AM IST

ന്യൂഡല്‍ഹി :വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന യാത്രക്കാരന്‍റെ പരാതിയില്‍ വിശദീകരണവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍ (screw found in a sandwich served in IndiGo flight). യാത്രക്കിടെ പ്രശ്‌നം യാത്രക്കാരന്‍ തങ്ങളെ അറിയിച്ചില്ല എന്ന് ഇന്നലെ (ഫെബ്രുവരി 13) വിമാനക്കമ്പനി വ്യക്തമാക്കി. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ സാന്‍ഡ്‌വിച്ചിന്‍റെ ചിത്രം അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തുകൊണ്ട് രംഗത്തുവന്നത്.

'2024 ഫെബ്രുവരി 1ന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈിലേക്ക് സര്‍വീസ് നടത്തിയ 6E-904 വിമാനത്തിലെ അനുഭവം എന്ന പേരില്‍ ഒരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ യാത്രക്കിടെ അദ്ദേഹം ഇത്തരമൊരു പ്രശ്‌നം ഞങ്ങളുമായി പങ്കുവച്ചിരുന്നില്ല' -ഇന്‍ഡിഗോ പ്രസ്‌താവനയില്‍ വ്യക്തമാക്കി. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്‌താവനയില്‍ വിമാനക്കമ്പനി പറഞ്ഞിട്ടുണ്ടെങ്കിലും പ്രചരിച്ച ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

'വിമാനത്തിനുള്ളില്‍ ഞങ്ങള്‍ നല്‍കുന്ന ഭക്ഷണത്തിന് ഉയര്‍ന്ന നിലവാരവും വൃത്തിയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിലവാരം പുലര്‍ത്തുന്ന ഉയര്‍ന്ന കാറ്ററര്‍മാരില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. യാത്രക്കാരന് സംഭവിച്ച അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒപ്പം കൂടുതല്‍ ശുചിത്വ മാനദണ്ഡങ്ങളോടെ വിമാനത്തിനുള്ളില്‍ വിളമ്പുന്ന ഭക്ഷണം നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' -പ്രസ്‌താവനയില്‍ ഇന്‍ഡിഗോ പറഞ്ഞു.

വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി 2ന് ഇന്‍ഡിഗോയ്‌ക്ക് ഭക്ഷ്യ സുരക്ഷ റെഗുലേറ്റര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു (IndiGo flight food complaints). ഡിസംബര്‍ 29ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ 6E 6107 വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതോടെ എയര്‍ലൈന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

സംഭവത്തെ തുടര്‍ന്ന് ജനുവരി 17ന് ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിമാന കമ്പനികളോടും ഫ്ലൈറ്റ് കാറ്ററുകളോടും ഭക്ഷ്യ സുരക്ഷ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും ശരിയായ ലേബലിങ്ങിലൂടെ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു. വിമാനത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭക്ഷ്യ സുരക്ഷ പ്രോട്ടോകോളുകള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ജനുവരി 16ന് പ്രമുഖ ഫ്ലൈറ്റ് കാറ്ററിങ് കമ്പനികളും എയര്‍ലൈനുകളുമായി ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഒരു യോഗം വിളിച്ചിരുന്നു.

ABOUT THE AUTHOR

...view details