കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി നാളെ (സെപ്റ്റംബർ 30) വാദം കേൾക്കും. സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് വാദം കേൾക്കുക. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോസ്‌ലിസ്‌റ്റ് പ്രകാരം, ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാന സർക്കാരിന്‍റെ അഭ്യർത്ഥന മാനിച്ചാണ് സെപ്റ്റംബർ 27 ന് കേൾക്കാനിരുന്ന വാദം കോടതി സെപ്റ്റംബർ 30-ലേക്ക് കഴിഞ്ഞയാഴ്‌ച്ച മാറ്റിയത്.
രാത്രികാലങ്ങളിൽ വനിത ഡോക്‌ടർമാരെ നിയമിക്കരുതെന്ന സംസ്ഥാന സർക്കാർ ഉത്തരവിൽ സുപ്രീം കോടതി കഴിഞ്ഞ വാദത്തിനിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമരം അവസാനിപ്പിച്ച് ജോലിയിൽ തിരിച്ചെത്തുന്ന ഡോക്‌ടർമാർക്കെതിരെ ശിക്ഷ നടപടികൾ ഉണ്ടാവരുതെന്നും സുപ്രീം കോടതി സർക്കാരിന് നിർദേശം നൽകി.