കേരളം

kerala

ETV Bharat / bharat

വിവിപാറ്റ് തകർത്ത കേസ്: രാമകൃഷ്‌ണ റെഡ്ഡിക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് - SC Restrains YSRCP MLA - SC RESTRAINS YSRCP MLA

പ്രതിപക്ഷ പോളിങ് ഏജന്‍റും ടിഡിപി നേതാവുമായ നമ്പുരി ശേഷഗിരി റാവുവിന്‍റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിവിപാറ്റ് തകർത്ത ശേഷം എംഎൽഎയും അനുയായികളും ചേർന്ന് ശേഷഗിരി റാവുവിനെ ആക്രമിച്ചിരുന്നു.

MLA PINNELLI RAMAKRISHNA REDDY  EVM SMASHING CASE IN AP  എംഎല്‍എ രാമകൃഷ്‌ണ റെഡ്ഡി  വിവിപാറ്റ് തകർത്ത സംഭവം
Visual of MLA smashing EVM (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 6:08 PM IST

ന്യൂഡൽഹി:വൈഎസ്ആർസിപി സ്ഥാനാർഥിയും മച്ചര്‍ല എംഎൽഎയുമായ പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡിക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി. രാമകൃഷ്‌ണ റെഡ്ഡിയിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടിഡിപി പോളിങ് ഏജന്‍റായ നമ്പുരി ശേഷഗിരി റാവു നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ നടപടി. മെയ് 13-ന് അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണ് എംഎൽഎയും അനുയായികളും ചേർന്ന് മച്ചര്‍ലയിലെ പോളിങ് ബൂത്തിലെ വിവിപാറ്റ് നശിപ്പിച്ചത്.

എംഎൽഎയെ തടയാൻ ശ്രമിച്ച ശേഷഗിരി റാവു ഇയാളുടെ നടപടിയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന് വൈഎസ്ആർസിപി നേതാക്കൾ ശേഷഗിരി റാവുവിനെ ആക്രമിച്ചു. ആക്രമണത്തിന് ശേഷം പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡി അനുയായികളോടൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ പോളിങ് കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

എംഎൽഎ പോളിങ് ബൂത്തിൽ ആക്രമണം നടത്തുന്നതിന്‍റെയും, വിവി പാറ്റ് മെഷീന്‍ തകർക്കുന്നതിന്‍റെയും ദൃശ്യം പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം പ്രവേശിക്കില്ലെന്ന് സമ്മതിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ രാമകൃഷ്‌ണ റെഡ്ഡിയോട് സുപ്രീം കോടതി നിർദേശിച്ചത്. എന്നാല്‍ നേരത്തെ, റെഡ്ഡിയെ അനുകൂലിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

അതേസമയം അടുത്ത ഹിയറിംഗിൽ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. ടിഡിപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ പ്രതിപക്ഷത്തിന് ഉയർന്ന വോട്ടുകൾ ലഭിക്കുമെന്നതിനാൽ എംഎൽഎയും അനുയായികളും ബൂത്തിൽ ഇരച്ചുകയറി വിവിപാറ്റ് നശിപ്പിക്കുകയായിരുന്നു.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നമ്പുരി ശേഷഗിരി റാവു ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവ് റദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ എംഎൽഎ ഉണ്ടെങ്കിൽ അക്രമസാധ്യത ഉണ്ടെന്നും ശേഷഗിരി റാവു ഹർജിയിൽ പറഞ്ഞു. തുടർന്നാണ് എംഎൽഎയ്‌ക്ക് സുപ്രീം കോടതി വോട്ടെണ്ണൽ കേന്ദ്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

Also Read: പോളിങ് ബൂത്തിലെ അക്രമം : എംഎല്‍എ വിവി പാറ്റ് മെഷീന്‍ തകർക്കുന്ന ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details