ന്യൂഡല്‍ഹി:പൗരന്‍മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ പൊലീസുദ്യോഗസ്ഥര്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി. വ്യക്തികളുടെ അന്തസ് ഹനിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പ്രതിയെ വിലങ്ങണിയിച്ച് അര്‍ദ്ധനഗ്‌നനാക്കി ചെരുപ്പ് മാലയണിച്ച് തെരുവില്‍ കൂടി നടത്തിയ സംഭവം പരിഗണനയിലെത്തിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. മഹാരാഷ്‌ട്രയിലാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ യാതൊരു സഹിഷ്‌ണുതയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അധികാരമുള്ള വ്യക്തികള്‍ സാധാരണക്കാരനായ, പ്രതികരിക്കാനാകാത്ത ഒരാള്‍ക്കെതിരെ നടത്തുന്ന ഇത്തരം നടപടികള്‍ മുഴുവന്‍ നീതിന്യായ സംവിധാനത്തെയും ലജ്ജിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ അറസ്‌റ്റ് വേളയില്‍ നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ച് ഡി കെ ബസു കേസില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജസ്‌റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീന്‍ അമനുള്ളയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇപ്പോഴും കോടതി ഇക്കാര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് ദുഃഖകരമാണ്. ഡി കെ ബസുവിന് മുമ്പ് വ്യക്തികളുടെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിനും രാജ്യത്തിന്‍റെ താത്പര്യം കാത്തുസൂക്ഷിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ എങ്ങനെ പെരുമാറണമെന്നും 1980 ലെ ഡല്‍ഹി സര്‍ക്കാരും പ്രേം ശങ്കര്‍ ശുക്ലയും തമ്മിലുള്ള കേസില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജസ്റ്റിസ് അമാനുള്ള ചൂണ്ടിക്കാട്ടി.
എല്ലാ ഭരണഘടന സുരക്ഷയും അറസ്‌റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസിനും അറസ്‌റ്റിന് അധികാരമുള്ള മറ്റ് ഏജന്‍സികള്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ഈമാസം പതിനെട്ടിന് കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികമായി ചില മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ ബെഞ്ച് മുന്നോട്ട് വച്ചിട്ടുമുണ്ട്. അറസ്‌റ്റിനും കസ്‌റ്റഡിക്കും റിമാന്‍ഡിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.