ന്യൂഡൽഹി: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ശിശു സംരക്ഷണ അവധി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ചൈൽഡ് കെയർ ലീവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹിമാചൽ പ്രദേശ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്‌ത് സംസ്ഥാന സർവകലാശാലയിലെ പ്രൊഫസര്‍ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സ്‌ത്രീകൾക്ക് ചൈൽഡ് കെയർ ലീവ് (സിസിഎൽ) നൽകുന്നത് ഭരണഘടനാ ലക്ഷ്യമാണെന്നും വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്ക് അവധി നിഷേധിക്കുന്നത് തൊഴിൽ മേഖലയില്‍ തുല്യ സ്‌ത്രീ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഭരണഘടനാ കടമയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്‌റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹിമാചൽ പ്രദേശ് സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ശിശു സംരക്ഷണം നൽകുന്നുണ്ടോ എന്നും ഒരു കുട്ടിക്ക് അസുഖം വന്നാൽ അമ്മ രാജിവെക്കേണ്ടതുണ്ടോ എന്നും ഹിമാചൽ പ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. സംസ്ഥാനം നിര്‍ബന്ധമായും ശിശു സംരക്ഷണ അവധി നൽകണമെന്നും ചീഫ് ജസ്‌റ്റിസ് നിര്‍ദേശിച്ചു. വിഷയത്തിൽ നിർദേശങ്ങൾ തേടാൻ സമയം നൽകണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.
സർക്കാർ കോളേജിലെ ജിയോഗ്രഫി വിഭാഗത്തിൽ അസിസ്‌റ്റന്‍റ് പ്രൊഫസറായ ഹരജിക്കാരി, ശാലിനി ധർമ്മാനിയുടെ 14 വയസുള്ള മകൻ ഓസ്‌റ്റിയോജെനിസിസ് ഇംപെർഫെക്റ്റ എന്ന അപൂർവ ജനിതക വൈകല്യമുള്ള ആളാണെന്നും ജനനം മുതൽ നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹരജിക്കാരിയുടെ മകന്‍റെ അതിജീവനത്തിനും സാധാരണ ജീവിതത്തിനും നിരന്തര ചികിത്സയും ശസ്‌ത്രക്രിയകളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മകന്‍റെ ചികിത്സ കാരണം, ഹരജിക്കാരിയുടെ എല്ലാ അനുവദനീയ അവധികളും തീർന്നുവെന്നും 1972 ലെ സെൻട്രൽ സിവിൽ സർവീസ് (ലീവ്) റൂൾ 43-സി ശിശു സംരക്ഷണ അവധി അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.