ന്യൂഡൽഹി : സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന്‍റെ ഹർജി തള്ളി സുപ്രീം കോടതി. ആരോഗ്യനില മോശമായതിനാൽ ശിക്ഷ താത്‌കാലികമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ആശാറാം നേരത്തെ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഇയാൾ. പിന്നാലെയാണ് സുപ്രീം കോടതിയും ഹർജി തള്ളിയത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആശാറാമിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. ഹർജി പരിഗണിക്കാൻ താൽപര്യമില്ലെന്ന് ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു.
എന്നാൽ ഉചിതമായ അപേക്ഷ ഹൈക്കോടതിയിലേക്ക് മാറ്റുമെന്ന് റോത്തഗി പറഞ്ഞു. അങ്ങനെയുള്ള ഏതെങ്കിലും അപേക്ഷ മാറ്റിയാൽ, ഇത് തന്നെയായിരിക്കും പരിഗണിക്കുകയെന്നും പ്രധാന അപ്പീലിൻ്റെ വാദം ഹൈക്കോടതി വേഗത്തിൽ പരിഗണിക്കുകയും ചെയ്യുമെന്ന് ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. അതേസമയം കസ്റ്റഡിയിലിരിക്കെ തന്നെ ആയുർവേദ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലാണ് ആശാറാം ശിക്ഷ അനുഭവിക്കുന്നത്. ശിക്ഷ താത്‌കാലികമായി നിർത്തിവച്ച് സ്വന്തമായി ചികിത്സയ്ക്ക് അനുമതി നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആശാറാമിന്‍റെ ഹർജി തള്ളിയത്. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഇയാൾ.