ന്യൂഡൽഹി:നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ചെയർമാനായ കൊടുവള്ളി സ്വദേശി ഇ അബൂബക്കറിന് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാൻ എയിംസിന് നിർദേശം നൽകി സുപ്രീംകോടതി. അടിയന്തിര വൈദ്യസഹായം ആവശ്യമാണെങ്കിൽ ജാമ്യം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനെ രണ്ട് ദിവസത്തിനകം എയിംസിൽ കിടത്തി ചികിത്സക്കായി കൊണ്ടുപോയി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്‌റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരാണ് കേസ് പരിഗണിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജാമ്യാപേക്ഷയെ എതിർത്തു. ഹർജിക്കാരനെ ഒന്നിലധികം തവണ എയിംസില്‍ കൊണ്ടുപോയിരുന്നെന്നും അഡ്‌മിറ്റ് ചെയ്യാന്‍ ഡോക്‌ടർമാർ ശുപാർശ ചെയ്‌തില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ ജാമ്യം നിഷേധിച്ചാല്‍ തങ്ങളും ഉത്തരവാദികളാകുമെന്ന് കോടതി വ്യക്തമാക്കി. ഡോക്‌ടറുടെ നിര്‍ദേശാനുസരണം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.