ഹൈദരാബാദ്: സാംസങ് ഗാലക്‌സി എസ് 25 സീരീസ് പുറത്തിറക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഈ സീരീസിനൊപ്പം സ്ലിം മോഡലായ സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും പുറത്തിറക്കുമെന്ന് സൂചനകൾ ഉയർന്നിരുന്നു. ഇതിനു പുറമെ സാംസങ് ഗാലക്‌സി എസ് 25 സ്ലിം മോഡലിന്‍റെ വിലയും മറ്റ് സ്‌പെസിഫിക്കേഷനും ഓരോന്നായി ചോരുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി എസ് 25 സീരീസിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം ഈ സ്ലിം മോഡലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ എസ് 25ന്‍റെ സ്ലിം മോഡലിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. എസ് 25 സീരീസിനൊപ്പം തന്നെ എസ് 25 സ്ലിമ്മും പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും 2025 ന്‍റെ രണ്ടാം പാദത്തിലായിരിക്കും പുറത്തിറക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. എസ് 25 സ്ലിമ്മിന്‍റെ വിലയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
എസ് 25 സ്ലിമ്മിന്‍റെ വില: ഒരു പ്രധാന ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് ചോർത്തിയ വിവരമനുസരിച്ച് സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മിന്‍റെ വില എസ് 25 സീരീസിൽ വരാനിരിക്കുന്ന എസ് 25 പ്ലസ്, എസ് 25 അൾട്രാ എന്നീ മോഡലുകളുടെ വിലയ്‌ക്ക് ഇടയിലാവും. അതേസമയം സാംസങ് ഗാലക്‌സി എസ് 25 സ്ലിം മോഡൽ 99,999 രൂപയ്‌ക്ക് പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എസ് 25 സ്ലിം അമേരിക്കയിൽ വിൽക്കില്ലെന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് തന്‍റെ എക്‌സ് പോസ്റ്റിൽ പറയുന്നത്. അതേസമയം എസ് 25 സീരീസിലെ മറ്റ് മോഡലുകളായ എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്രാ എന്നീ മോഡലുകൾ അമേരിക്കയിൽ വിൽക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം 2024 ഒക്ടോബറിൽ സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 സ്‌പെഷ്യൽ എഡിഷൻ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചപ്പോൾ അമേരിക്കയിൽ അവതരിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പറയുന്നത് ശരിയാകാനും സാധ്യതയുണ്ട്.
എസ് 25 സ്ലിമ്മിന്‍റെ സ്‌പെസിഫിക്കേഷനുകൾ: സാംസങിന്‍റെ മുൻനിര ഫോണുകളിൽ വെച്ച് ഏറ്റവും വണ്ണം കുറഞ്ഞ ഫോണായിരിക്കും എസ് 25 സ്ലിം. വെറും 6 മില്ലീ മീറ്ററായിരിക്കും എസ് 25 സ്ലിമ്മിന്‍റെ വണ്ണം എന്നാണ് സൂചന. ക്യാമറ മൊഡ്യൂളിന്‍റെ വണ്ണം കുറച്ചാൽ 6.4 മില്ലീ മീറ്ററായിരിക്കും വണ്ണം. നൂതന സിലിക്കൺ-കാർബൺ ആനോഡ് ബാറ്ററി സാങ്കേതികവിദ്യയുള്ള ബാറ്ററികൾ സ്ലിം മോഡലിൽ നൽകാനും സാധ്യതയുണ്ട്. 4,700 എംഎഎച്ചിനും 5,000 എംഎഎച്ചിനും ഇടയിൽ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും നൽകുക. ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റിൽ സ്ലിം മോഡൽ അവതരിപ്പിക്കാനാകുമെന്നതാണ് മറ്റ് റിപ്പോർട്ടുകൾ. ഇതുകൂടാതെ 6.66 ഇഞ്ച് ഡിസ്പ്ലേ, 200 എംപി HP5 പ്രൈമറി ക്യാമറ, 50 എംപി അൾട്രാവൈഡ് ലെൻസ്, 50 എംപി 3.5x ടെലിഫോട്ടോ സ്‌നാപ്പർ എന്നിവയും ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്.
എസ് 25 സീരീസ് ലോഞ്ച് തീയതി: സാംസങ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സാംസങിന്‍റെ എസ് 25 സീരീസ് വിപണിയിലെത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കാലിഫോർണിയയിലെ സാൻ ജോസിൽ ജനുവരി 22ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്‌ഡ് ഇവന്‍റിലായിരിക്കും ഫോണുകൾ അവതരിപ്പിക്കുക. എസ് 25 സീരീസിലെ ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന വില, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ സവിശേഷതകൾ അറിയാൻ ചുവടെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
Also Read:
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
- വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ...
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ...