ന്യൂഡൽഹി:പശ്ചിമബംഗാളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിക്ക് ഇളവ് അനുവദിച്ച് സുപ്രീം കോടതി. ഫെബ്രുവരി ഒന്ന് മുതല്‍ പാർഥ ചാറ്റര്‍ജിക്ക് ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പാർഥ ചാറ്റര്‍ജിക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ഈ മാസം തന്നെ തീരുമാനമെടുക്കാനും സാക്ഷികളുടെ മൊഴി 2025 ജനുവരിയിൽ പൂർത്തിയാക്കാനും വിചാരണ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം ചാറ്റർജിയെ ജാമ്യത്തിൽ വിട്ടയക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2025 ഫെബ്രുവരി ഒന്നിന് ശേഷം പാർഥ ചാറ്റര്‍ജിയെ കസ്റ്റഡിയിൽ വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പാർഥ ചാറ്റർജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. കേസിൽ ചാറ്റർജി ഏറെ നാളായി ജയിലിൽ കിടക്കുകയാണെന്നും മറ്റ് പ്രതികൾ ജാമ്യത്തിലായതിനാൽ ചാറ്റര്‍ജിക്കും ജാമ്യം ലഭിക്കണമെന്നും മുകുൾ റോത്തഗി വാദിച്ചു.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ജാമ്യത്തെ ശക്തമായി എതിർത്തു. കുറ്റങ്ങൾ ഗൗരവതരമാണെന്നും വൻതോതിൽ പണം പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്‌വി രാജു പറഞ്ഞു. സിബിഐ അന്വേഷിക്കുന്ന മറ്റൊരു കേസിൽ പാർഥ ചാറ്റര്‍ജി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും എസ് വി രാജു സുപ്രീം കോടതിയെ അറിയിച്ചു.
പശ്ചിമ ബംഗാൾ സ്‌കൂൾ സർവിസ് കമ്മിഷൻ (എസ്എസ്‌സി) അധ്യാപക റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് 2022 ജൂലൈയിൽ ആണ് ബംഗാൾ വിദ്യാഭ്യാസ മന്ത്രിയും ടിഎംസി നേതാവുമായ പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്.
പാർഥ ചാറ്റർജിയുടെ വീട്ടിൽ നിന്ന് 21 കോടി രൂപ ഇഡി നേരത്തെ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ പാർഥ ചാറ്റർജിയെ പാർട്ടിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യുകയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു.
Also Read:ന്യായാധിപന്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി; വിധിന്യായങ്ങളെക്കുറിച്ച് പരാമര്‍ശമരുതെന്നും ഉത്തരവ്