ന്യൂഡല്‍ഹി: സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍റെ അറസ്‌റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വിഷയത്തില്‍ താന്‍ ഇടപെടില്ലെന്നും നിയമം അതിന്‍റ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലുഗു ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ ഇന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു. സന്ധ്യാ തിയേറ്ററില്‍ ഈ മാസം നാലിന് പുഷ്‌പ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്‌ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ മരിച്ച സ്‌ത്രീയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്‌തു.
അറസ്‌റ്റ് ചെയ്‌ത താരത്തെ പിന്നീട് ചിക്കഡ്പള്ളി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു. നടപടിക്രമങ്ങള്‍ നടക്കുന്ന വേളയില്‍ അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ്, സഹോദരന്‍ അല്ലു സിരിഷ്, ഭാര്യാപിതാവ് കന്‍ചര്‍ല ചന്ദ്രശേഖര റെഡ്ഡി തുടങ്ങിയവരും ഹാജരായിരുന്നു.
ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിനായി താരമെത്തിയതോടെ ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കിയതാണ് അപകടത്തിനിടയാക്കിയത്.
മുപ്പത്തഞ്ചുകാരിയായ രേവതി എന്ന സ്‌ത്രീയാണ് മരിച്ചത്. ഇവരുടെ മകന്‍ ശ്രീതേജിനെ മാരക പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
അല്ലു അര്‍ജുന് പുറമെ മറ്റ് മൂന്ന് പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സന്ധ്യാ തിയേറ്ററിന്‍റെ ഉടമകളിലൊരാളായ എം സന്ദീപ്, സീനിയര്‍ മാനേജര്‍ എം നാഗരാജു, തിയേറ്ററിന്‍റെ താഴത്തെ ബാല്‍ക്കണിയുടെ ചുമതലയുണ്ടായിരുന്ന ഗന്ധകം വിജയ് ചന്ദര്‍ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
അപകടകരമാം വിധം ജനക്കൂട്ടമുണ്ടായതിന്‍റെ പേരില്‍ ചിക്കഡപള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്‌റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്‌തി പ്രകടിപ്പിച്ചെന്നാണ് വിവരം.
ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് താരത്തിന് മേല്‍ ചുമത്തിയത്. ജാമ്യകിട്ടാത്ത വകുപ്പുകളാണ് ഇവ. അഞ്ച് മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും.