ന്യൂഡൽഹി:കേടായ കാർ വിറ്റെന്ന കേസിൽ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി. 2009ൽ ഒരു ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്തതിനാണ് നഷ്ടപരിഹാരം. 2024 ഓഗസ്റ്റ് 10-നോ അതിനുമുമ്പോ ബിഎംഡബ്ള്യു കമ്പനി പരാതിക്കാരന് 50 ലക്ഷം രൂപ ഒറ്റത്തവണയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.
പരാതിക്കാരൻ 2009 സെപ്റ്റംബർ 25ന് ഒരു ബിഎംഡബ്ല്യു 7 സീരീസ് കാർ വാങ്ങിയിരുന്നു. ഓടിക്കുന്നതിനിടെ ഗുരുതരമായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2009 സെപ്തംബർ 29ന് കാർ വർക്ഷോപ്പിലേക്ക് കൊണ്ടുപോയി. തുടർന്ന് നവംബർ 13-നും കാറിന് സമാനമായ പ്രശ്നം നേരിട്ടതായി പരാതിക്കാരൻ പറയുന്നു. പിന്നാലെ നവംബർ 16-ന് അദ്ദേഹം പരാതി നൽകുകയും കമ്പനിക്കെതിരെ ഐപിസി 418, 420 വകുപ്പുകൾ ചുമത്തുകയും ചെയ്തു. ബിഎംഡബ്ല്യു കമ്പനി, മാനേജിങ്ങ് ഡയറക്ടർ, മറ്റ് ഡയറക്ടർമാർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്.