ന്യൂഡൽഹി: ഇന്ത്യയിൽ ഗാർഹിക തൊഴിലാളികൾ പീഡനങ്ങൾ നേരിടുന്നതിനാൽ ഗാർഹിക തൊഴിലാളി നിയമം കൊണ്ടുവരാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അവർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഗാർഹിക തൊഴിലാളികൾ പീഡനങ്ങൾ നേരിടുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമ ചട്ടക്കൂട് ശുപാർശ ചെയ്യുന്നതിൻ്റെ അഭികാമ്യത പരിഗണിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തുടനീളം ഗാർഹിക തൊഴിലാളികൾ പീഡനം നേരിടുന്നതിന് കാരണം അവർക്ക് പ്രത്യേകമായ നിയമം ഇല്ലാത്തതിനാലാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അവർക്ക് പലപ്പോഴും നല്ല വേതനം ലഭിക്കുന്നില്ലെന്നും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെന്നും നിരീക്ഷിച്ച ബെഞ്ച് അവരെ ദീർഘനേരം ജോലി ചെയ്യിപ്പിക്കുന്നത് പ്രത്യേക നിയമം ഇല്ലാത്തതിനാലാണെന്നും പറഞ്ഞു.
ഒരു ഗാർഹിക തൊഴിലാളി നൽകിയ പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് പരാതിക്കാരിയെ വർഷങ്ങളോളം വ്യക്തികൾ വിവിധ നഗരങ്ങളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. പരാതിക്കാരിക്ക് ജോലി നൽകിയ ഏജൻസി അവരുടെ ശമ്പളം തട്ടിയെടുക്കുകയും ചെയ്തു. ഈ നിർണായക തൊഴിൽ മേഖലയെ നിയന്ത്രിക്കാത്തതിൽ ആശങ്കയുണ്ടെന്ന് ബെഞ്ച് പറഞ്ഞു.