ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്‍റെ മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും ഷദന്‍ ഭരാസത്തുമാണ് കെജ്‌രിവാളിന്‍റെ ഹര്‍ജി നല്‍കിയത്. എത്രയും പെട്ടെന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി ഉറപ്പ് നല്‍കി.