മുംബൈ:സവര്‍ക്കറിന്‍റെ കൊച്ചുമകൻ നല്‍കിയ മാനനഷ്‌ടക്കേസില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് പൂനെ ഹൈക്കോടതി. ഡിസംബർ രണ്ടിന് പൂനെ കോടതിയിൽ ഹാജരാകാനാണ് നിര്‍ദേശം. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ രാഹുൽ നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണമായത്. അഞ്ചോ ആറോ സുഹൃത്തുക്കൾ ചേർന്ന് ഒരിക്കൽ ഒരു മുസ്‌ലിമിനെ മർദ്ദിച്ചതായും തനിക്ക് (സവർക്കർ) അതില്‍ സന്തോഷം തോന്നിയതായും സവർക്കർ ഒരു പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇത് വസ്‌തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സവര്‍ക്കറിൻ്റെ ചെറുമകൻ സത്യ കി സവർക്കർ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. സവർക്കർ ഇങ്ങനെയൊരു പരാമര്‍ശം എവിടെയും എഴുതിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ അന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
വിശ്രാംബാഗ് പൊലീസിനാണ് അന്വേഷണ ചുമതല. പരാതിയിൽ പ്രഥമദൃഷ്‌ടിയില്‍ സത്യമുണ്ടെന്നാണ് പൊലീസിൻ്റെ മൊഴി. നേരത്തെ ഒക്ടോബർ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കോടതി സമൻസ് അയച്ചിരുന്നു. അമോൽ ഷിൻഡെയുടെ അധ്യക്ഷതയിലുള്ള എംപി, എംഎൽഎമാർക്കുള്ള പ്രത്യേക കോടതിയാണ് അന്ന് സമൻസ് അയച്ചത്. ജോയിൻ്റ് സിവിൽ ജഡ്‌ജിയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഉള്‍പ്പെടെയുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ, സമൻസ് ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ രാഹുല്‍ അന്ന് കോടതിയില്‍ ഹാജരായില്ല. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ മിലിന്ദ് പവാറാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഡിസംബർ രണ്ടിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകാണമെന്ന് കോടതി നിർദേശം നൽകി.