ഇന്ത്യയിലെ അഴിമതിവിരുദ്ധ അന്വേഷണ സംവിധാനമാണ് ലോക്‌പാല്‍. ഇന്ന് ലോക്‌പാൽ ദിനമാണ്. 2024 മാര്‍ച്ച് പതിനാലിന് ചേര്‍ന്ന ലോക്‌പാല്‍ യോഗത്തിലാണ് എല്ലാക്കൊല്ലവും ജനുവരി പതിനാറ് ലോക്‌പാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത്. 2014 ജനുവരി പതിനാറിനാണ് ലോക്‌പാല്‍ നിലവില്‍ വന്നത്. അതിനാലാണ് ജനുവരി 16 ലോക്‌പാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായായിരുന്നു ഇത്തരത്തില്‍ ലോക്‌പാല്‍ എന്ന ഒരു സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. 2013 ലെ ലോക്‌പാല്‍-ലോകായുക്ത നിയമ പ്രകാരമാണ് ലോക്‌പാല്‍ സ്ഥാപിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഴിമതി കേസുകളെക്കുറിച്ചന്വേഷിക്കാനാണ് ലോക്‌പാലും ലോകായുക്തയും സ്ഥാപിച്ചത്. നിലവില്‍ ലോക്‌പാലിന്‍റെ അധ്യക്ഷന്‍ മുന്‍ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ആണ്.
മികച്ച ഭരണത്തില്‍ പൗരന്‍മാര്‍ക്ക് യാതൊരു ആക്ഷേപവും ഉന്നയിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുക എന്നതാണ് ലോക്‌പാലിലൂടെ ഉദ്ദേശിക്കുന്നത്. പൊതുതാത്‌പര്യം പരിഗണിച്ചാണ് ലോക്‌പാലിന്‍റെ പ്രവര്‍ത്തനം. പൊതുരംഗത്തു നിന്ന് അഴിമതി പൂര്‍ണമായും തുടച്ച് നീക്കുക എന്നതും ലോക്‌പാലിന്‍റെ ലക്ഷ്യമാണ്.
ഐക്യരാഷ്‌ട്രസഭയുടെ അഴിമതി വിരുദ്ധ കരാറില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സംശുദ്ധ ഭരണം കാഴ്‌ചവയ്ക്കുക എന്ന സര്‍ക്കാരിന്‍റെ പ്രതിബദ്ധതയാണ് ഇത്തരമൊരു നിയമം പാസാക്കുകയും ലോക്‌പാല്‍ സ്ഥാപിക്കുകയും ചെയ്‌തതിലൂടെ വെളിവാകുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
സമൂഹത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്ലേഗാണ് അഴിമതി. ഇത് നിയമവാഴ്‌ചയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നു. ഇത് മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കപ്പെടുന്നു. ജീവിത നിലവാരത്തെയും ബാധിക്കുന്നു. ഇത് കൂട്ടായ കുറ്റകൃത്യങ്ങള്‍, ഭീകരത, മനുഷ്യ സമൂഹത്തിനുള്ള മറ്റ് ഭീഷണികള്‍ എന്നിവയും ഉയര്‍ത്തുന്നു.
വലുതും, ചെറുതും, സമ്പന്നവും, ദരിദ്രവും ആയ എല്ലാ രാജ്യങ്ങളിലും ഈ പൈശാചികത നിലനില്‍ക്കുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളിലാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ വിനാശകരമാകുന്നത്. പാവങ്ങളെ അഴിമതി വല്ലാതെ ബാധിക്കുന്നു. വികസനത്തിനുള്ള പണം വഴി മാറ്റി ചെലവഴിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ശേഷി ഇതോടെ ചുരുങ്ങുന്നു. അസമത്വവും അനീതിയും നടമാടുന്നു. കൂടാതെ വിദേശ സഹായവും നിക്ഷേപവും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പല അവികസിത രാജ്യങ്ങൾക്കും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനാകാത്തതിന് ഒരു കാരണം അഴിമതിയാണ്. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും വികസനത്തിനുമുള്ള മുഖ്യ തടസവും അഴിമതി തന്നെയാണ്.
ലോക്‌പാല്‍ ദിനത്തിന്‍റെ ചരിത്രം
ജനുവരി പതിനാറ് ലോക്‌പാല്‍ ദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത് ലോക്‌പാല്‍ ഇന്ത്യയാണ്. 2024 മാര്‍ച്ച് പതിനാലിന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ആദ്യ ലോക്‌പാല്‍ ദിനം 2025 ജനുവരി പതിനാറിനാകാമെന്നും തീരുമാനിച്ചു. ഉദ്ഘാടന വേളയില്‍ ചീഫ് ജസ്‌റ്റ്സിസ് സഞ്ജീവ് ഖന്ന മുഖ്യാതിഥിയായി. ന്യൂഡല്‍ഹിയിലെ മനേക് ഷാ സെന്‍ററില്‍ സൊരാവാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.
ലോക്‌പാല്‍ ഓഫ് ഇന്ത്യ; നിലവിലെ നേതൃത്വം
2024 മാര്‍ച്ച് പത്തിനാണ് ലോക്‌പാലിന്‍റെ രണ്ടാമത്തെ അധ്യക്ഷനായി ജസ്‌റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ചുമതലയേറ്റത്. അധ്യക്ഷനെ കൂടാതെ ആറ് അംഗങ്ങള്‍ കൂടി ലോക്‌പാലിലുണ്ട്. പൊതുരംഗത്ത് വിശ്വാസ്യത ഉറപ്പാക്കുക എന്ന ദൗത്യം നിറവേറ്റുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ലോക്‌പാല്‍ ദിനത്തിന്‍റെ പ്രാധാന്യം
ലോക്‌പാല്‍ നിലവില്‍ വന്നതി ദിവസമാണ് ലോക്‌പാല്‍ ദിനമായി ആചരിക്കുന്നത്. ഭരണത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ലോക്‌പാലിന്‍റെ പങ്കിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുക എന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
നീതി, സുതാര്യത, തുടങ്ങിയവയോടുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് ലോക്‌പാല്‍ ദിനാചരണത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. അഴിമതിയെ നേരിടുന്നതിലും ഭരണത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലൂം ലോക്‌പാലിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കിക്കുക എന്നതും ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
നമ്മുടെ ജനാധിപത്യ, നിയമ സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കുള്ള തെളിവ് കൂടിയാണ് ഇത്തരമൊരു ദിനാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതിലൂടെ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്.
എന്താണ് ലോക്‌പാല്‍?
ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിെരയുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ തലത്തിലുള്ള സ്ഥാപനമാണിത്. അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനുള്ള ഒരു ഓംബുഡ്‌സ്‌മാനായി പ്രവര്‍ത്തിക്കുന്നു.
ലോക്‌പാല്‍ സമിതിയിലെ അംഗസംഖ്യ
അധ്യക്ഷനും പരാമാവധി എട്ട് അംഗങ്ങളുമുള്ള സമിതിയാണ് ലോക്‌പാലിലേക്ക് ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. എട്ടംഗങ്ങളില്‍ നാലു പേരും ജഡ്‌ജിമാരായിരുന്നവരായിരിക്കണം. അധ്യക്ഷനെയും അംഗങ്ങളെയും രാഷ്‌ട്രപതി ആയിരിക്കണം നിയമിക്കേണ്ടത്.
പ്രധാനമന്ത്രി, ലോക്‌സഭ സ്‌പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്‌റ്റിസ്, അല്ലെങ്കില്‍ ചീഫ് ജസ്‌റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ജഡ്‌ജി, സമിതിയിലെ അംഗങ്ങള്‍ ശുപാര്‍ശ ചെയ്‌ത രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു നിയമവിദഗ്‌ധന്‍ എന്നിവരടങ്ങിയ സമിതി ശുപാര്‍ശ ചെയ്യുന്നവരെ ആണ് രാഷ്‌ട്രപതി നിയമിക്കുന്നത്. അഞ്ച് വര്‍ഷമോ എഴുപത് വയസ് തികയും വരെയോ ആണ് സമിതി അംഗങ്ങളുടെ നിയമന കാലയളവ്.
ലോക്‌പാല്‍ തെരഞ്ഞെടുപ്പ് സമിതി
പ്രധാനമന്ത്രി, ലോക്‌സഭ സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്‌റ്റിസ്, നിയമ വിദഗ്‌ധന്‍ എന്നിവരടങ്ങിയതാണ് തെരഞ്ഞെടുപ്പ് സമിതി
അധികാര പരിധി
പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ലോക്‌പാലിന്‍റെ അധികാര പരിധിയില്‍ പെടുന്നു.
ഘടന
ഒരു അധ്യക്ഷനും അര്‍ദ്ധ നിയമ അധികാരമുള്ള എട്ടംഗങ്ങളുമടങ്ങിയതാണ് സമിതി. പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ, മറ്റ് പിന്നാക്ക വിഭാഗ, വനിത പ്രാതിനിധ്യം നിര്‍ബന്ധം.
അധികാരം
സിബിഐയെ പോലെ ഒരു മേല്‍നോട്ട സമിതിയാണിത്. അന്വേഷണങ്ങള്‍ നടത്താനുള്ള അധികാരം സമിതിക്കുണ്ട്.
വിദേശ സംഭാവന
വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് പത്ത് ലക്ഷത്തിന് മുകളിലുള്ള സംഭാവനകളെക്കുറിച്ചും ഇവര്‍ക്ക് അന്വേഷണം നടത്താം.
ലോക്‌പാല്‍, ലോകായുക്ത ബില്‍ നാള്‍ വഴി
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനായി 1966 ഒക്‌ടോബര്‍ 20 നാണ് ആദ്യ ഭരണ പരിഷ്‌കാര കമ്മീഷന്‍ ലോക്‌പാല്‍, ലോകായുക്ത എന്ന ദ്വിതല സംവിധാനത്തിന് ശുപാര്‍ശ ചെയ്‌തത്.
- 1968 മെയ് ഒന്‍പതിന് നാലാം ലോക്‌സഭയില്‍ ആദ്യമായി ലോക്‌പാല്‍, ലോകായുക്ത ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടു.
- 1969 ഓഗസ്‌റ്റ് 20 ന് ആദ്യ ജന്‍ ലോക്‌പാല്‍ ബില്‍ നാലാം ലോക്‌സഭയില്‍ പാസായി.
- 1971 ഓഗസ്‌റ്റ് 11 ന് വീണ്ടും ബില്‍ സഭയിലെത്തി
- 1977 ജൂലൈ 28 ന് മൂന്നാം വട്ടവും ബില്‍ സഭയുടെ പരിഗണനയ്ക്കെത്തി.
- 1985 ഓഗസ്‌റ്റ് 26 ന് ബില്‍ നാലാം വട്ടവും സഭയില്‍
- 1989 ഡിസംബര്‍ 29 ന് ബില്‍ അഞ്ചാവട്ടം സഭയില്‍
- 1996 സെപ്റ്റംബര്‍ 13 ന് ബില്‍ ആറാം വട്ടം സഭയില്‍
- 1998 മാര്‍ച്ച് എട്ടിന് ബില്‍ ഏഴാംവട്ടം സഭയില്‍
- 2001 ഓഗസ്‌റ്റ് പതിനാലിന് ബില്‍ എട്ടാം തവണയും സഭയില്‍
- 2002 മാര്‍ച്ച് 31ന് , ലോക്‌പാല്‍, ലോകായുക്ത നിയമനത്തിന് ഭരണഘടന ചട്ടം വേണമെന്ന ശുപാര്‍ശയുമായി ഭരണഘടന പുനപ്പരിശോധന ദേശീയ കമ്മീഷന്‍.
- 2011 മെയ് ഒന്‍പതിന് അഴിമതിക്കെതിരെയുള്ള ഐക്യരാഷ്‌ട്രസഭ കണ്‍വന്‍ഷന് ഇന്ത്യയുടെ അംഗീകാരം.
- വിവിധ സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ 2011 ഓഗസ്‌റ്റ് നാലിന് അന്തിമ അവതരണത്തിനെത്തി.
- 2011 ഓഗസ്‌റ്റ് എട്ട് മുതല്‍ ബില്‍ പാര്‍ലമെന്‍ററി സ്‌റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
- പാര്‍ലമെന്‍ററി സമിതിയുടെ ശുപാര്‍ശപ്രകാരം ലോക്‌പാല്‍ 2011 ബില്‍ പിന്‍വലിക്കുകയും ലോക്‌പാല്‍-ലോകായുക്ത ബില്‍ 2011 എന്ന് പുനര്‍നാമകരണം ചെയ്‌ത് 2011 ഡിസംബര്‍ 22ന് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്‌തു.
- ചില ഭേദഗതികളോടെ 2011 ഡിസംബര്‍ 27ന് ബില്‍ ലോക്‌സഭ പാസാക്കി.
- ബില്‍ 2011 ഡിസംബര്‍ 27ന് സെലക്‌ട് കമ്മിറ്റി വിശദീകരിച്ചു. ഇവരുടെ ശുപാര്‍ശ പ്രകാരം രാജ്യസഭ ഭേദഗതി ചെയ്യപ്പെട്ട ലോക്‌പാല്‍, ലോകായുക്ത ബില്‍ 2013 ഡിസംബര്‍ 17ന് പാസാക്കി.
- ലോക്‌സഭയിലേക്ക് തിരിച്ചയക്കപ്പെട്ട ബില്‍ 2013 ഡിസംബര്‍ പതിനെട്ടിന് പാസാക്കപ്പെട്ടു.
- 2014 ജനുവരി ഒന്നിന് രാഷ്‌ട്രപതിയുടെ അംഗീകാരം ബില്ലിന് കിട്ടി.
- അവസാനം 2014 ജനുവരി പതിനാറിന് നിയമം നിലവില്‍ വന്നു.
ലോക്‌പാലിന്‍റെ അധികാരങ്ങള്‍
ലോക്‌പാലിന് വളരെ വിശാലമായ അധികാരങ്ങളാണ് ഉള്ളത്. അന്വേഷണം നടത്താനും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥക്കുമെതിരെ നടപടികള്‍ കൈക്കൊള്ളാനും ലോക്‌പാലിന് അധികാരമുണ്ട്. നിയമത്തിലെ പതിനാലാം ചട്ടമാണ് ഈ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നത്.
സമിതിയുടെ സുപ്രധാന അധികാരങ്ങള്‍ ഇവ;
- അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും സിബിഐയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം.
- സിബിഐയ്ക്ക് ഒരു കേസ് നിര്‍ദ്ദേശിക്കാം. ലോക്‌പാലിന്‍റെ അനുമതിയില്ലാതെ ഇത്തരം കേസുകളില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റാന്‍ സിബിഐയ്ക്ക് അധികാരമുണ്ടായിരിക്കില്ല.
- ഇത്തരം കേസുകളില്‍ സിബിഐയോട് സെര്‍ച്ചുകള്‍ക്കും നടപടികള്‍ക്കും നിര്‍ദ്ദേശിക്കാം.
- ലോക്‌പാലിന്‍റെ അന്വേഷണ സംഘത്തിന് സിവില്‍ കോടതികളുടേതിന് സമാനമായ അധികാരമുണ്ട്.
- അഴിമതിയിലൂടെ സമ്പാദിച്ച ആസ്‌തികള്‍ പിടിച്ചെടുക്കാനും അനുബന്ധ നടപടികള്‍ക്കും അധികാരമുണ്ടായിരിക്കും.
- അഴിമതി ആരോപണത്തില്‍ പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും സസ്‌പെന്‍ഡ് ചെയ്യാനുമുള്ള അധികാരം.
- പ്രാഥമിക അന്വേഷണ വേളയില്‍ തന്നെ രേഖകള്‍ നശിപ്പിക്കുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ലോക്‌പാലിന് അധികാരമുണ്ട്.
ആര്‍ക്കെല്ലാമെതിരെ ലോക്‌പാലിന് പരാതി നല്‍കാം?
- പ്രധാനമന്ത്രി
- കേന്ദ്രമന്ത്രിമാര്‍
- പാര്‍ലമെന്‍റംഗങ്ങള്‍
- കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് എ, ബി, സി, ഡി ഉദ്യോഗസ്ഥര്‍
- ബോര്‍ഡ്, കോര്‍പ്പറേഷന്‍, കമ്പനി, സൊസൈറ്റി, ട്രസ്‌റ്റുകള്‍, പാര്‍ലമെന്‍റ് നിയമപ്രകാരം സ്ഥാപിച്ച സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കാം.
- പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ധനസഹായമുള്ള സംഘങ്ങള്‍, അസോസിയേഷനുകള്‍, ട്രസ്‌റ്റുകള്‍ എന്നിവയുടെ മേധാവി, മാനേജര്‍, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കാം. ഇവയുടെ വാര്‍ഷിക വരുമാനത്തിന്‍റെ കാര്യത്തില്‍ കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. നിലവില്‍ ഇത് പത്ത് ലക്ഷം രൂപയാണ്.
- നിയമപ്രകാരം സ്ഥാപിതമായതും 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം പ്രതിവര്‍ഷം ഒരു കോടി രൂപയില്‍ കൂടുതല്‍ സംഭാവനകള്‍ കൈപ്പറ്റുന്നതുമായ അസോസിയേഷനുകള്‍, ട്രസ്‌റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ മേധാവികള്‍, മാനേജര്‍മാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും പരാതിപ്പെടാം.
അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ പോരാട്ടം
1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 വര്‍ഷങ്ങളില്‍ രാജ്യം നിരവധി അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇവയൊന്നും അഴിമതിയെ ശക്തമായി നേരിടാന്‍ വേണ്ട നയരൂപീകരണത്തിലേക്ക് നയിക്കപ്പെട്ടില്ല. എന്നാല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യത്ത് ലോക്പാല്‍ ബില്‍ എന്ന ആവശ്യമുന്നയിച്ച് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം ഈ കാര്യത്തില്‍ ഒരു ശുഭ്ര നക്ഷത്രമായി മാറി.
ഹസാരെയുടെ പോരാട്ടത്തിന്‍റെ നാള്‍ വഴികള്‍
- 2011 ഏപ്രിലിലാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കമായത്.
- ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചു. ഇതിന് വലിയ പിന്തുണയുണ്ടായി. പ്രക്ഷോഭകര്‍ തെരുവുകള്‍ കീഴടക്കി.
- ജന്‍ ലോക്‌പാല്‍ ആന്തോളന്‍ എന്നായിരുന്നു ഹസാരയുടെ പ്രക്ഷോഭത്തിന് പേരിട്ടത്.
- പന്ത്രണ്ട് ദിവസം നീണ്ട നിരാഹാര പ്രക്ഷോഭത്തിനൊടുവില്‍ സര്‍ക്കാര്‍ ലോക്‌പാല്‍ ബില്‍ കൊണ്ടുവരാമെന്ന് സന്ധി ചെയ്‌തു.
- എന്നിട്ടും ഹസാരെ തൃപ്‌തനായില്ല. മറ്റൊരു നിരാഹാരം സമരം ഓഗസ്‌റ്റ് പതിനാറു മുതല്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ഈ സമരം അവസാനിപ്പിക്കാന്‍ തയാറാകാഞ്ഞതോടെ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഹസാരെയ്ക്ക് പിന്നില്‍ അണിനിരന്നവര്‍ ആഭ്യന്തര അഭിപ്രായ ഭിന്നതകള്‍ മൂലം രണ്ട് ചേരിയായി തിരിഞ്ഞു. പിന്നീട് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ രൂപീകരണവും അവര്‍ അധികാരത്തില്‍ വന്നതുമൊക്കെ ചരിത്രം.
2022-23 സാമ്പത്തിക വര്‍ഷത്തെ ലോക്‌പാൽ പരാതികളുടെ സ്ഥിതി
പരാതികളുടെ എണ്ണം | ||
മുന്‍ വര്‍ഷത്തെ തീര്‍പ്പാക്കാനുള്ള പരാതികള്‍ | 31 | |
സാമ്പത്തിക വര്‍ഷം രജിസ്‌റ്റര്‍ ചെയ്‌ത പരാതികള്‍ | 317 | |
തീര്‍പ്പാക്കിയ പരാതികള്‍ | 292 | |
സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയായവ | 56 |
2023-24 സാമ്പത്തിക വര്‍ഷത്തെ ലോക്‌പാൽ പരാതികളുടെ സ്ഥിതി
പരാതികളുടെ എണ്ണം | |
മുന്‍ വര്‍ഷത്തെ തീര്‍പ്പാക്കാനുള്ള പരാതികള്‍ | 56 |
സാമ്പത്തിക വര്‍ഷം രജിസ്‌റ്റര്‍ ചെയ്‌ത പരാതികള്‍ | 166 |
തീര്‍പ്പാക്കിയ പരാതികള്‍ | 169 |