ഡെറാഡൂൺ:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്‌കൃത വിഷയങ്ങളുടെ പഠനത്തിന് ഊന്നൽ നൽകുന്ന ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ അവിടുത്തെ സംസ്‌കൃത സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം ക്രമാധീതമായി കുറയുകയാണെന്ന് അധികൃതർ കണ്ടെത്തി.
ഇത്തരമൊരു സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതുവരെ ആറാം ക്ലാസ് മുതലാണ് വിദ്യാർഥികൾക്ക് സംസ്‌കൃതം പാഠ്യവിഷയമായി ഉണ്ടായിരുന്നത്. അതിനാൽ തന്നെ വിദ്യാർഥികൾക്ക് ആ ഭാഷ പഠിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിലവിലെ തീരുമാനത്തോടെ കുട്ടികൾക്ക് സംസ്‌കൃത വിഷയങ്ങൾ ആദ്യം മുതൽ പഠിക്കാൻ കഴിയുമെന്ന് മാത്രമല്ല, സംസ്‌കൃത വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വർധിക്കുമെന്നും അധികൃതർ പറഞ്ഞു.
ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലെയും അഞ്ച് സ്‌കൂളുകൾക്ക് അംഗീകാരം നൽകുമെന്ന് സംസ്‌കൃത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ദീപക് ഗൈറോള പറഞ്ഞു. ഇതുകൂടാതെ, പെൺകുട്ടികൾക്കൊപ്പം എസ്‌സി, എസ്‌ടി വിദ്യാർഥികളെയും സംസ്‌കൃത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുമെന്ന് സംസ്‌കൃത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.