ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്‌റ്റിസായി (സിജെഐ) ജസ്‌റ്റിസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്‌റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡിന്‍റെ ശുപാർശയെത്തുടർന്നാണ് സഞ്ജീവ് ഖന്നയുടെ നിയമനം. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയാണ് സഞ്ജീവ് ഖന്ന.
ആരാണ് ജസ്‌റ്റിസ് ഖന്ന?
ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്‌ജിയായിരുന്ന, അന്തരിച്ച, ജസ്റ്റിസ് ദേവ് രാജ് ഖന്നയുടെ മകനായി 1960 മെയ് 14-ന് ആണ് സഞ്ജീവ് ഖന്ന ജനിച്ചത്. 1973-ലെ കേശവാനന്ദ ഭാരതി കേസിൽ അടിസ്ഥാന ഘടന സിദ്ധാന്തം മുന്നോട്ടുവെച്ച സുപ്രധാന വിധിയുടെ ഭാഗമായ മുൻ സുപ്രീം കോടതി ജഡ്‌ജി എച്ച്ആർ ഖന്നയുടെ അനന്തരവനാണ് അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ ബരാഖംബ റോഡിലെ മോഡേൺ സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1980-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ സഞ്‌ജീവ് ഖന്ന, പിന്നീട് ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്‍ററിൽ നിന്ന് നിയമം പഠിച്ചു. 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.
ഡൽഹിയിലെ തീസ് ഹസാരിയിലെ ജില്ല കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലുമായാണ് പ്രാക്‌ടീസ് ആരംഭിച്ചത്. പബ്ലിക് ലോ വിഷയങ്ങൾ, നേരിട്ടുള്ള നികുതി അപ്പീലുകൾ, ആദായ നികുതി പ്രോസിക്യൂഷനുകൾ, ആർബിട്രേഷൻ കേസുകൾ, വാണിജ്യ സ്യൂട്ടുകൾ, പരിസ്ഥിതി, മലിനീകരണ നിയമങ്ങൾ, ഉപഭോക്തൃ ഫോറങ്ങൾക്ക് മുമ്പുള്ള മെഡിക്കൽ അശ്രദ്ധ കേസുകൾ, കമ്പനി നിയമ കേസുകൾ എന്നിവയിലെ റിട്ട് ഹർജികള്‍ തുടങ്ങി വ്യത്യസ്‌തവും വിശാലവുമായ പരിശീലന മേഖലയായിരുന്നു സഞ്‌ജീവ് ഖന്നയുടേത്.
2004-ൽ ഡൽഹിയിലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറിയുടെ (എൻസിടി) സ്‌റ്റാൻഡിങ് കൗൺസലായി (സിവിൽ) ജസ്‌റ്റിസ് ഖന്നയെ നിയമിച്ചു. ഹൈക്കോടതിയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെയും അമിക്കസ് ക്യൂറിയുടെയും റോളിൽ നിരവധി ക്രിമിനൽ കേസുകളിൽ സഞ്‌ജീവ് ഖന്ന ഹാജരാകുകയും വാദിക്കുകയും ചെയ്‌തിട്ടുണ്ട്.
2005-ൽ ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്‌ജിയായി ഉയർത്തുകയും 2006-ൽ സ്ഥാനത്ത് സ്ഥിരമാക്കുകയും ചെയ്‌തു. ഡൽഹി ജുഡീഷ്യൽ അക്കാദമി, ഡൽഹി ഇന്‍റർനാഷണൽ ആർബിട്രേഷൻ സെന്‍റര്‍, ഡിസ്‌ട്രക്‌ട് കോര്‍ട്ട് മീഡിയേഷന്‍ സെന്‍റേഴസ് ചെയർമാൻ/ജഡ്‌ജ്-ഇൻ-ചാർജ് തുടങ്ങിയ പദവികളും വഹിച്ചു.
2019 ജനുവരി 18 ന്, ജസ്‌റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്‌ജിയായി നേരിട്ട് നിയമിതനായി. ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചില ജഡ്‌ജിമാരിൽ ഒരാളാണ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന.
സുപ്രീം കോടതി ജഡ്‌ജി എന്ന നിലയിൽ സുപ്രധാനമായ നിരവധി വിധികളുടെ ഭാഗമായിരുന്നു സഞ്‌ജീവ് ഖന്ന. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിങ് കൗൺസൽ അംഗവും കൂടിയാണദ്ദേഹം. 2025 മെയ് 13-ന് ആണ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കേണ്ടത്.
ആർട്ടിക്കിൾ 370 മുതൽ വിവരാവകാശ നിയമം വരെ... ജസ്‌റ്റിസ് സഞ്ജീവ് ഖന്ന ഭാഗമായ സുപ്രധാന വിധികൾ:
1.100 ശതമാനം വിവിപാറ്റ് സ്ഥിരീകരണത്തിനായുള്ള ഹർജി തള്ളൽ: ഇലക്‌ട്രോണിക് ഉപയോഗിച്ചുള്ള വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലിന്‍റെ (VVPAT) സ്ലിപ്പുകളുടെ 100 ശതമാനം എണ്ണണം എന്ന് ആവശ്യപ്പെട്ടുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ ഹർജി 2024-ൽ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് തള്ളി.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുമെന്നും വേഗത്തിലും പിശകില്ലാത്തതും സുരക്ഷിതവുമായ വോട്ടെണ്ണൽ നിലവിലുള്ള സംവിധാനം ഉറപ്പാക്കുന്നുവെന്നാണ് സഞ്ജീവ് ഖന്ന വിധിയില്‍ പ്രസ്‌താവിച്ചത്.
2. ഇലക്‌ടറൽ ബോണ്ട് സ്‌കീം റദ്ദാക്കല്‍:2024 ലെ മറ്റൊരു നിർണായക വിധിയായിരുന്നു വിവാദ ഇലക്‌ടറൽ ബോണ്ട് സ്‌കീം റദ്ദാക്കല്‍. ഇലക്‌ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന.
ബോണ്ടുകൾ കൈകാര്യം ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് ദാതാക്കളുടെ ഐഡന്‍റിറ്റിയെക്കുറിച്ച് അറിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് വഴി നൽകുന്ന സംഭാവനകളില്‍ ദാതാക്കളുടെ സ്വകാര്യത പുറത്താകുമെന്ന വാദം ജസ്റ്റിസ് ഖന്ന തള്ളിയത്. ജനാധിപത്യ സുതാര്യതയുടെ ആണിക്കല്ലായ, വോട്ടർമാരുടെ വിവരാവകാശത്തെ ഈ പദ്ധതി ലംഘിക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
3. ആർട്ടിക്കിൾ 370 റദ്ദാക്കൽ: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ അഞ്ചംഗ ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന. 2023 ലെ വിധിയില്‍, ആർട്ടിക്കിൾ 370 അസമമായ ഫെഡറലിസത്തിന്‍റെ സവിശേഷതയാണെന്നും പരമാധികാരമല്ലെന്നും ജസ്‌റ്റിസ് ഖന്ന വ്യക്തമാക്കി. അത് നീക്കം ചെയ്യുന്നത് ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കില്ലെന്നും അദ്ദേഹം വാദിച്ചു.
4. ആർട്ടിക്കിൾ 142 പ്രകാരം വിവാഹ മോചനം:2023-ലെ ശിൽപ സൈലേഷ് vs വരുൺ ശ്രീനിവാസൻ കേസിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം നേരിട്ട് വിവാഹമോചനം നൽകാനുള്ള സുപ്രീം കോടതിയുടെ അധികാരം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷാഭിപ്രായം ജസ്റ്റിസ് ഖന്ന എഴുതി. കക്ഷികൾക്കിടയിൽ സമ്പൂർണ നീതി ഉറപ്പാക്കാൻ, വീണ്ടെടുക്കാനാകാത്ത തകർച്ചയുടെ അടിസ്ഥാനത്തിൽ കോടതിക്ക് വിവാഹങ്ങൾ റദ്ദാക്കാമെന്ന് അദ്ദേഹം വിധിച്ചു. ഇന്ത്യയിലെ വിവാഹമോചന നിയമം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായിരുന്നു ഈ വിധി.
5. വിവരാവകാശവും (ആർടിഐ) ജുഡീഷ്യൽ സ്വാതന്ത്ര്യവും:ജസ്‌റ്റിസ് ഖന്നയുടെ ഏറ്റവും നിര്‍ണായക തീരുമാനങ്ങളിലൊന്ന് 2019-ൽ വിവരാവകാശ നിയമത്തിൽ (ആർടിഐ) ഒരു സുപ്രധാന വിധി എഴുതിയതാണ്. ചീഫ് ജസ്‌റ്റിസിന്‍റെ (OCJ) ഓഫീസും വിവരാവകാശ അപേക്ഷകൾക്ക് വിധേയമാകാമെന്ന് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന വിധിച്ചു. ജഡ്‌ജിമാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം ജുഡീഷ്യൽ സുതാര്യത സന്തുലിതമാക്കേണ്ടതിന്‍റെ ആവശ്യകത കൂടി അദ്ദേഹം വിധിയില്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ അഖണ്ഡതയെ തുരങ്കം വയ്ക്കാതെ ജുഡീഷ്യൽ സ്വാതന്ത്ര്യവും സുതാര്യതയും ഒന്നിച്ച് നിലനിൽക്കുമെന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു ജസ്‌റ്റിസ് സഞ്‌ജീവ് ഖന്നയുടെ നിലപാട്.
Also Read:ശബരിമലയിലെ സ്‌ത്രീ പ്രവേശനം മുതല്‍ അയോധ്യ വിധി വരെ; ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍, അറിയാം സുപ്രധാന വിധികള്‍