ന്യൂഡൽഹി:സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്‌റ്റിൽ. മുഖ്യപ്രതിയായ ഷാജഹാൻ ഷെയ്‌ഖിന്‍റെ സഹോദരൻ ഷെയ്ഖ് അലോംഗിർ, മഫുജർ മൊല്ല, സിറാജുൽ മൊല്ല എന്നിവരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി (Sandeshkhali ED Attack Case) .
പശ്ചിമ ബംഗാളിലെ സന്ദേശഖാലിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ദിദാർ ബക്ഷ് മൊല്ല, ഫറൂക്ക് അകുഞ്ചി, ജിയാവുദ്ദീൻ മൊല്ല എന്നിവരായിരുന്നു അറസ്‌റ്റിലായത്.
നേരത്തെ തൃണമൂൽ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ കൂട്ടാളികളാണിവരെന്നാണ് കരുതുന്നത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സന്ദേശ്ഖാലി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ മാർച്ച് 11ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആർ അന്വേഷണത്തിന്‍റെ ഭാഗമായാണ് അറസ്‌റ്റ്. തുടർ നിയമനടപടികൾക്കായി എല്ലാ പ്രതികളെയും നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് സിബിഐ സൂചന നൽകി. സിബിഐ കൊൽക്കത്ത ഓഫീസിലെ ഇഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിന്‍റെ അടുത്ത സഹായികളായ ഒമ്പത് പേർക്ക് സിബിഐ സമൻസ് അയച്ചിട്ടുണ്ട്.
റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ സന്ദേശ്‌ഖാലിയിലെ വസതിയിൽ റെയ്‌ഡ് നടത്തിയ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പുറമെ, ഭൂമി തട്ടിയെടുക്കൽ, കൊള്ളയടിക്കൽ, തന്‍റെ സഹായികളോടൊപ്പം സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളും ഷാജഹാനെതിരെയുണ്ട്.