ഹൈദരാബാദ് :വിവാദ പരാമർശങ്ങൾ ബിജെപി രാഷ്‌ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനം രാജിവച്ച് സാം പിത്രോദ. പിത്രോദയുടെ രാജി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. ജയ്റാം രമേശ് തൻ്റെ ഒദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിത്രോദയെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവിലായി, സ്റ്റേറ്റ്സ്‌മാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദത്തിലായത്. 'കിഴക്ക് ചൈനക്കാരെ പോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെ പോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും കാണപ്പെടുന്ന ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താന്‍ യാതൊരു പ്രയാസവുമില്ല' -എന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.