മുംബൈ :ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് കഴിഞ്ഞ മാസം വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഒരാള്‍കൂടി പൊലീസിന്‍റെ പിടിയിലായി. ഹരിയാനയിലെ ഫത്തേഹാബാദിൽ താമസിക്കുന്ന ഹർപാൽ സിംഗ് (34) എന്ന പ്രതിയെ തിങ്കളാഴ്ച വൈകുന്നേരം ജന്മനാട്ടിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സിംഗിനെ മുംബൈയിൽ എത്തിച്ചതെന്നും പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് നടത്തുന്ന ആറാമത്തെ അറസ്റ്റാണിത്.
ഏപ്രിൽ 14ന് മുംബൈയിലെ ബാന്ദ്ര ഏരിയയില്‍ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലെ ഖാൻ്റെ വസതിക്ക് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. വെടിവയ്പ്പ് കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ മറ്റൊരു ബിഷ്‌ണോയി സംഘാംഗമായ മുഹമ്മദ് റഫീക്ക് ചൗധരിയെ ചോദ്യം ചെയ്‌തപ്പോഴാണ് സിംഗിൻ്റെ പേര് പുറത്തുവന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.