മുംബൈ: രൂപയുടെ മൂല്യത്തില്‍ എക്കാലത്തെയു ഏറ്റവും കനത്ത ഇടിവ്. എട്ട് പൈസ കുറഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 84.50ത്തിലാണ് ഇന്ന് വ്യാപാരം നടത്തിയത്. ആഭ്യന്തര വിപണിയില്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായത്. ഇതിന് പുറമെ അസ്ഥിരമായ ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വ്യതിയാനങ്ങളും രൂപയുടെ മൂല്യത്തെ ബാധിച്ചു.
റഷ്യ-യുക്രൈയ്‌ന്‍ സംഘര്‍ഷം മൂര്‍ച്‌ഛിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയെ നിക്ഷേപത്തിനുള്ള സുരക്ഷിത ഇടമായി നിക്ഷേപകര്‍ കണക്കാക്കുന്നതും അമേരിക്കന്‍ കറന്‍സി കരുത്ത് കാട്ടാന്‍ കാരണമാകുന്നുവെന്ന് ഫോറെക്‌സ് ട്രേഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ആഭ്യന്തര ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതും രൂപയ്ക്ക് സമ്മര്‍ദ്ദമേറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദേശ ഇടപാടുകളില്‍ തുടക്കത്തില്‍ 84.41ലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. എന്നാല്‍ പകുതിയോടെ അടുത്തപ്പോഴേക്കും ഇത് 84.51ലെത്തി. പിന്നീട് വീണ്ടും താഴ്‌ന്ന് 84.50ത്തിലെത്തുകയായിരുന്നു. ഈ മാസം പതിനാലിന് രൂപയുടെ മൂല്യം 84.46ലെത്തിയതായിരുന്നു ഏറ്റവും കുറഞ്ഞ ഇടിവ്. ചൊവ്വാഴ്‌ച അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്കെതിരെ 84.42ലെത്തിയിരുന്നു.