കേരളം

kerala

ETV Bharat / bharat

'ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ഒളിവില്‍' ; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി

ഒളിവിലുള്ള ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് കണ്ടെത്തുന്നവര്‍ക്ക് ബിജെപി പാരിതോഷികം പ്രഖ്യാപിച്ചത്.

By ETV Bharat Kerala Team

Published : Jan 31, 2024, 11:23 AM IST

Etv Bharat
Reward For Info On Hemant Soren

ന്യൂഡൽഹി :ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അറസ്‌റ്റ് ഭയന്ന് ഒളിവില്‍ പോയെന്ന വാര്‍ത്തയ്‌ക്കിടെ അദ്ദേഹത്തെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് കണ്ടെത്തുന്നവര്‍ക്ക് ബിജെപി പാരിതോഷികം പ്രഖ്യാപിച്ചത് (Jharkhand CM Hemant Soren).

11,000 രൂപയാണ് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ബാബുലാൽ മറാണ്ഡി പാരിതോഷികമായി വാഗ്‌ദാനം ചെയ്‌തത്. ആളുകളെ കാണാതാകുമ്പോള്‍ പത്രങ്ങളില്‍ നല്‍കുന്ന പരസ്യത്തിന്‍റെ മാതൃകയിലുള്ള പരിഹാസ പോസ്‌റ്ററും ബിജെപി പുറത്തിറക്കി. സോറന്‍റെ നിറം, പൊക്കം, കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളും പോസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (Hemant Soren Absconding).

മുഖ്യമന്ത്രി എവിടെയാണെന്ന് സംസ്ഥാന ഡിജിപിക്കോ ഇൻ്റലിജൻസ് വിഭാഗത്തിനോ അറിയാത്തത് ഗുരുതരമായ പ്രശ്‌നമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തിനുവേണ്ടി ഇഡിക്ക് മറുപടി അയയ്‌ക്കുന്നതെന്നും ബാബുലാൽ മറാണ്ഡി പരിഹസിച്ചു.“കഴിഞ്ഞ രണ്ട് ദിവസമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കാണാനില്ല. മുഖ്യമന്ത്രി എവിടെയാണെന്ന് സംസ്ഥാന ഡിജിപിക്കോ ഇൻ്റലിജൻസ് വിഭാഗത്തിനോ അറിയാത്തത് ഗുരുതരമായ പ്രശ്‌നമാണ്. ഹേമന്ദ് സോറനെതിരെയാണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തിനുവേണ്ടി ഇഡിക്ക് മറുപടി അയയ്‌ക്കുന്നത്" - മറാണ്ഡി ചൂണ്ടിക്കാട്ടി.

സമയ പരിധി ഇന്ന് അവസാനിക്കും : ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഹേമന്ത് സോറന് നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. ഇത് പത്താം തവണയാണ് ഇഡി ഇക്കാര്യമാവശ്യപ്പെട്ട് സോറന് നോട്ടീസ് അയക്കുന്നത്. ചോദ്യം ചെയ്യലിനായി എവിടെ ഹാജരാകാന്‍ പറ്റുമെന്ന് പുതുതായി അയച്ച സമന്‍സില്‍ ഇഡി ആരാഞ്ഞിരുന്നു. ഇക്കുറിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തങ്ങള്‍ താങ്കളെ തേടിയെത്തുമെന്നും ഇഡി സമന്‍സില്‍ മുന്നറിയിപ്പ് നല്‍കി (Hemant Soren Summons).

ഭാര്യയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം : അറസ്‌റ്റ് ഏറെക്കുറെ ഉറപ്പായതോടെ സോറൻ തന്‍റെ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം റാഞ്ചിയില്‍ ചേര്‍ന്ന ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) പാർട്ടിയുടെ നിയമസഭാകക്ഷി യോഗത്തിൽ കൽപനയും പങ്കെടുത്തിരുന്നു. യോഗത്തിനിടെ പാർട്ടി എംഎൽഎമാരിൽ നിന്ന് കൽപനയെ പിന്തുണയ്ക്കു‌ന്ന കത്ത് ഹേമന്ത് സോറൻ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

Also Read:അന്ത്യശാസനം നിയമവിരുദ്ധം; ഇഡി നടപടി രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയെന്ന് ഹേമന്ത് സോറന്‍

ബിഎംഡബ്ല്യു കാര്‍ പിടിച്ചെടുത്തു: തിങ്കളാഴ്‌ച ഹേമന്ത് സോറന്‍റെ ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെ 36 ലക്ഷം രൂപയും ബിഎംഡബ്ല്യു എസ്‌യുവി കാറും ഇഡി പിടിച്ചെടുത്തിരുന്നു. പതിമൂന്ന് മണിക്കൂറോളം നീണ്ട തെരച്ചിലാണ് ഇഡി സോറന്‍റെ വസതിയില്‍ നടത്തിയത്. ഇഡിക്കൊപ്പം ഡല്‍ഹി പൊലീസും ദക്ഷിണ ഡല്‍ഹിയിലെ ശാന്തി നികേതനിലെ സോറന്‍റെ വസതിയില്‍ എത്തിയിരുന്നു. കാറിനും പണത്തിനും പുറമെ ചില നിര്‍ണായക രേഖകളും ഇഡി ഇവിടെ നിന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട് (Hemant Soren BMW).

ABOUT THE AUTHOR

...view details