ഹൈദരാബാദ് (തെലങ്കാന) :വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനിൽ നിന്ന് സൈബർ ക്രിമിനലുകൾ 1.89 കോടി രൂപ തട്ടിയെടുത്തു. ഫോറെക്‌സ് ട്രേഡിങ് നടത്തിയാൽ ലാഭം കിട്ടുമെന്ന് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒരു സ്‌ത്രീ പറഞ്ഞത് പ്രകാരം പണം നിക്ഷേപിച്ചപ്പോഴാണ് ഉദ്യോഗസ്ഥന്‍ തട്ടിപ്പിനിരയായത്. ഏകദേശം രണ്ട് മാസത്തോളം വിവിധ പേരുകളിലായി പ്രതികൾ പണം കൈപ്പറ്റിയെന്ന് കാണിച്ച് ഉദ്യോഗസ്ഥൻ പരാതി നൽകി.
പ്രതിഭ റാവു എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. അവർ തെലുഗു ഭാഷയിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥൻ പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥന്‍റെ പരാതി പ്രകാരം ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് സർക്കാർ ചീഫ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ നഗരത്തിലാണ് താമസിക്കുന്നത്.
ഫെബ്രുവരി മാസത്തിൽ സോഷ്യൽ മീഡിയയിൽ തനിക്ക് ഒരു സന്ദേശം ലഭിച്ചുവെന്നും ആരാണെന്ന് ചോദിച്ചപ്പോൾ താൻ ബെംഗളൂരുവിലുള്ള ആളാണെന്നും ഫോറെക്‌സ് ട്രേഡിങ് നടത്തുന്നുണ്ടെന്നും ഒരു സ്‌ത്രീ പറഞ്ഞതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു. അവളെ വിശ്വസിച്ചതോടെ ടെലഗ്രാം വഴി ലിങ്ക് അയച്ചുതന്നു. അതിൽ താൻ കയറിയെന്നും ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് അവർ ഒരു ബാങ്ക് അക്കൗണ്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഉദ്യോഗസ്ഥൻ 1000 രൂപ നിക്ഷേപിച്ചു. ഏപ്രിൽ മൂന്നാം വാരം ആ അക്കൗണ്ടിൽ 50,000 രൂപയും നിക്ഷേപിച്ചു. അതിനുശേഷം അഞ്ച് ലക്ഷം രൂപയും പിന്നീട് 50 ലക്ഷം രൂപയും നിക്ഷേപിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നിക്ഷേപത്തിന് 67 ലക്ഷം രൂപ ലാഭം ലഭിച്ചതായി ഓൺലൈനിൽ കാണിച്ചുവെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. 40 തവണകളിലുമായി 1.89 കോടി രൂപ നഷ്‌ടമായി എന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു.
Also Read : ഫോണ്‍ നഷ്‌ടമായോ? വിഷമിക്കേണ്ട; ഇപ്പോള്‍ നഷ്‌ടപ്പെട്ട ഫോൺ സ്വയം ബ്ലോക്ക് ചെയ്യാം - A Check For Cyber Criminals