ന്യൂഡൽഹി:ഹൈക്കോടതിയിൽ നിന്ന് രണ്ടു തവണ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ഹർജിക്കാരന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അമൃത്സർ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാർതീക് അറോറ എന്നയാള്‍ക്കെതിരെയാണ് സുപ്രീം കോടതിയുടെ നടപടി. ആദ്യ ജാമ്യാപേക്ഷയും രണ്ടാമത്തെ ജാമ്യാപേക്ഷയും പിന്‍വലിച്ചതിന് ശേഷമാണ് ഇയാള്‍ സുപ്രീംകോടതിയിൽ എത്തുന്നത്. ഹർജിക്കാരനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയോ ഹർജിക്കാരന്‍ കീഴടങ്ങുകയോ ചെയ്‌തിട്ടില്ല.
ഈ കേസിൽ ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. പിഴ പഞ്ചാബ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിച്ച് അതിന്‍റെ തെളിവ് ഒരാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് കോടതി നിർദേശം. 2023 ജൂൺ 25-ന് ആണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്.