ഹൈദരാബാദ് :കാലങ്ങളായി തങ്ങള്‍ കഴിഞ്ഞിരുന്ന കാടുവിട്ടിറങ്ങി ആദിവാസികള്‍. തെലങ്കാനയിലെ കവാല്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കാടിറങ്ങാന്‍ നിര്‍ബന്ധിതരായത്.
നിര്‍മ്മല്‍ ജില്ലയിലെ കദം മണ്ഡലിലെ മൈസംപേട്ട, രാംപൂര്‍ ഗ്രാമങ്ങളാണ് പൂര്‍ണമായും വന്യജീവികള്‍ക്കായി വിട്ടുകൊടുത്തത്. ഈ മേഖലയില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവൃത്തികള്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 142 കുടുംബങ്ങള്‍ക്ക് രണ്ടുതരം പാക്കേജുകളാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. പതിനഞ്ച് ലക്ഷം രൂപ നല്‍കി ഇവരെ ഒഴിപ്പിക്കുക എന്നതായിരുന്നു ആദ്യ പദ്ധതി. 48 കുടുംബങ്ങള്‍ ഈ പണം സ്വീകരിച്ചു.
രണ്ടാം പദ്ധതി പ്രകാരം ഒരു വീടും 32പിറ്റ് കൃഷി ഭൂമി അടക്കം രണ്ട് ഏക്കര്‍ ഭൂമിയും ഓരോ കുടുംബത്തിനും അനുവദിക്കും. രണ്ടാം പദ്ധതിയുടെ ഭാഗമായി 94 കുടുംബങ്ങള്‍ക്കായി റോഡും, ജലവിതരണവും വിദ്യാലയവും എല്ലാമുളള ഒരു കോളനി സ്ഥാപിച്ചു. കദമിലെ കോതമാഡിപഡിഗയ്ക്ക് സമീപമാണ് ഈ കോളനി സ്ഥാപിച്ചത്. രാംപൂരില്‍ നിന്ന് 35 കിലോമീറ്ററും മൈസാംപേട്ടില്‍ നിന്ന് 25 കിലോമീറ്ററും ദൂരത്തിലാണ് കോളനി നിര്‍മ്മിച്ചിരിക്കുന്നത്.