ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ വന്‍ സേന വ്യൂഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് ചെങ്കോട്ട താത്കാലികമായി അടച്ചിട്ടതായി മുതിര്‍ന്ന എഎസ്ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് ചെങ്കോട്ട അടച്ചിട്ടത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടി ലെയര്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് തടയണകള്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ച കണ്ടെയ്നര്‍ മതിലുകള്‍ തുടങ്ങി വന്‍ സുരക്ഷാ സന്നാഹമാണ് കര്‍ഷക മാര്‍ച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരുക്കിയിരിക്കുന്നത്. കര്‍ഷകരും കേന്ദ്രവുമായ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മാര്‍ച്ച്.
മെട്രോ സ്റ്റേഷനുകളും അടച്ചിടും: ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ച് നടക്കുന്ന സാഹചര്യത്തില്‍ ചില മെട്രോ സ്റ്റേഷനുകളും അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചൊവ്വാഴ്ച അറിയിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, മാണ്ഡി ഹൗസ്, ബാറക്കമ്പ റോഡ്, ജന്‍പഥ്, ഖാന്‍മാര്‍ക്കറ്റ്, ലോക് കല്യാണ്‍ എന്നീ സ്റ്റേഷനുകളാണ് അടച്ചിടുക. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെട്രോ സ്റ്റേഷനുകളും അടച്ചിടുന്നത്.