മുംബൈ :ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെഅഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. മുംബൈ പെദ്ദാർ റോഡിലെ ആക്‌ടിവിറ്റി സ്‌കൂളിലെ പോളിങ് സ്‌റ്റേഷനിൽ കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്‌തത്. ഓരോ ഇന്ത്യക്കാരനും വളരെ അഭിമാനകരമായ നിമിഷമാണിതെന്ന് വോട്ട് ചെയ്‌ത ശേഷം ആർബിഐ ഗവർണർ പറഞ്ഞു.
'ഇത് ഓരോ ഇന്ത്യക്കാരനും വളരെ അഭിമാനകരമായ നിമിഷമാണ്. 140 കോടി ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാനത്തിൻ്റെ നിമിഷമാണ്. ഇന്നത്തെ വോട്ടിങ് പ്രക്രിയ വളരെ സുഗമമായിരുന്നു. അതിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെയും മുഴുവൻ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഞാൻ എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുന്നു'- ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
കേന്ദ്രമന്ത്രിയും മുംബൈ നോർത്ത് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ പിയൂഷ് ഗോയലും മുംബൈയിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. വ്യവസായി അനിൽ അംബാനിയും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കമുള്ളവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച രാവിലെയാണ് ആരംഭിച്ചത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി (യുടി) 49 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് കനത്ത സുരക്ഷയ്‌ക്കും ക്രമീകരണങ്ങൾക്കും ഇടയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) പറയുന്നതനുസരിച്ച്, ഒഡിഷ നിയമസഭയിലെ 35 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് ഒരേസമയം നടക്കും.