ജുൻജുനു: ദഹിപ്പിക്കാന്‍ ചിതയില്‍ വച്ച മൃതദേഹത്തിന് ജീവന്‍വച്ചത് കണ്ട അമ്പരപ്പിലാണ് രാജസ്ഥാനിലെ ജുൻജുനു നിവാസികള്‍. ജുന്‍ജുനു സ്വദേശിയായ രോഹിതാഷ് കുമാറാണ് (25) മരണത്തില്‍ നിന്ന് 'പുനര്‍ജനിച്ച്' വീണ്ടും മരണത്തിന് കീഴടങ്ങിയത്.
സംഭവമിങ്ങനെ:കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത വ്യക്തിയാണ് രോഹിതാഷ് കുമാര്‍. അസുഖ ബാധിതനായ രോഹിതാഷിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച ബിഡികെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉച്ചയ്ക്ക് 2 മണിയോടെ ഡോക്‌ടർമാർ മരിച്ചതായി വിധിയെഴുതി. തുടര്‍ന്ന് മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. ഇവിടെ രണ്ട് മണിക്കൂറോളം ഡി-ഫ്രീസിൽ സൂക്ഷിച്ചു. പൊലീസിന്‍റെ സഹായത്തോടെ 'പഞ്ചനാമം' തയ്യാറാക്കിയ ശേഷം ആംബുലൻസിൽ മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി.
മൃതദേഹം ചിതയിൽ വച്ചപ്പോഴാണ് ചുറ്റും നിന്നവരെ അമ്പരപ്പിച്ചുകൊണ്ട് രോഹിതാഷ് ശ്വസിച്ചു തുടങ്ങിയത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായിത്തന്നെ തുടര്‍ന്ന സാഹചര്യത്തില്‍ വെള്ളിയാഴ്‌ച രാവിലെ, തുടർ ചികിത്സയ്ക്കായി ജയ്‌പൂരിലേക്ക് റഫർ ചെയ്‌തു. എന്നാല്‍ ജയ്‌പൂരിലേക്കുള്ള യാത്രാമധ്യേ രോഹിതാഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, രോഹിതാഷ് മരിച്ചു എന്ന് ആദ്യം വിധിയെഴുതിയ സംഭവത്തില്‍ മൂന്ന് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ബിഡികെ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ സന്ദീപ് പഞ്ചാർ, മന്ദ്രേലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ മെഡിക്കൽ ഓഫീസർ ഡോ യോഗേഷ് കുമാർ ജഖാദ്, മെഡിക്കൽ ഓഫീസർ ഡോ നവനീത് മീൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും ജുന്‍ജുനു ജില്ലാ കലക്‌ടർ രാമാവതർ മീണ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:പിതാവിന്‍റെ ശരീരം കീറിമുറിച്ച് പഠനം നടത്തി ലോകത്തെ അമ്പരിപ്പിച്ച മകന്‍; വൈദ്യശാസ്ത്ര രംഗത്തെ നാഴികക്കല്ലിന് 14 വര്‍ഷം