ഹൈദരാബാദ് : അമ്മയുടെ അരികില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ പ്രതിക്ക് കർശന ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. വിവിധ പാർട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരും പൊതുസംഘടനാ നേതാക്കളും സ്ത്രീകളും സുൽത്താനാബാദിലെ രാജീവ് റോഡിൽ പ്രതിഷേധിച്ചു. ഇതുമൂലം അരമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. സിഐ സുബ്ബറെഡ്ഡിയും എസ്ഐയും സ്ഥലത്തെത്തി ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അറിയിച്ചതോടെയാണ് അവര്‍ സമരം അവസാനിപ്പിച്ചത്.
പ്രതി കുട്ടിയെ ചുമലിലേറ്റി കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ബിഹാർ സ്വദേശി വിനോദ് മജെ (28) ആണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. രാത്രി 11 മണിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുവന്ന് ജോലി ചെയ്യുന്ന മില്ലിന് പിന്നിലെ നദീതീരത്തുവച്ച് ബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്‌ച രാവിലെ മിൽ വളപ്പിൽ തുണി അലക്കുകയായിരുന്ന വിനോദ് മജെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പത്തുദിവസം മുമ്പ് മില്ലിൽ ചുമട്ടുതൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചതാണ് ഇയാള്‍. പ്രതിയുടെ ഭാര്യയും മൂന്ന് മക്കളും ബിഹാറിലാണ്.
തോളിലേറ്റി നടക്കുമ്പോള്‍ കുഞ്ഞ് ഗാഢനിദ്രയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞെരിച്ചുകൊല്ലുമ്പോൾ ജീവന്‍ തിരിച്ചുപിടിക്കാനായി അവൾ എത്ര ശ്രമിച്ചിട്ടുണ്ടാകുമെന്ന് നാട്ടുകാര്‍ വേദനയോടെ ചോദിക്കുന്നു. ഇരുട്ടിൽ, ചോരയിൽ കുളിച്ച്, സംരക്ഷിക്കാൻ ആരുമില്ലാതെ, ഒടുവിൽ ആ കുഞ്ഞ് മരണത്തിന് കീഴടങ്ങിയെന്നും നാട്ടുകാര്‍ അത്യഗാധമായ ദുഖം രേഖപ്പെടുത്തി.