കേരളം

kerala

ETV Bharat / bharat

വിട 'റാമോജി ഗാരു'; സ്‌നേഹവായ്‌പുകള്‍ ഏറ്റുവാങ്ങി അതികായന്‍ മടങ്ങി, ഫിലിം സിറ്റിയിലെ സ്‌മൃതി വനത്തിൽ അന്ത്യവിശ്രമം - Ramoji Rao Laid to Rest at Smruthi Vanam - RAMOJI RAO LAID TO REST AT SMRUTHI VANAM

മരണത്തിന് മുമ്പ് തന്നെ ഫിലിം സിറ്റിയിൽ പണിഞ്ഞ സമാധിസ്ഥലത്താണ് റാമോജി റാവു അന്ത്യവിശ്രമം കൊള്ളുക. അന്ത്യയാത്ര ഔദ്യോഗിക ബഹുമതികളോടെ

RAMOJI RAO FUNERAL  RAMOJI RAO PASSES AWAY  റാമോജി റാവു  റാമോജി റാവുവിന് സ്‌മൃതി വനത്തിൽ അന്ത്യവിശ്രമം
Ramoji Rao (ETV Bharat)

By ETV Bharat Kerala Team

Published : Jun 9, 2024, 1:02 PM IST

Updated : Jun 9, 2024, 1:44 PM IST

ഔദ്യോഗിക ബഹുമതികളോടെ റാമോജി റാവുവിന് വിട (ETV Bharat)

ഹൈദരാബാദ് :മാധ്യമ ലോകത്ത് വിപ്ലവം സൃഷ്‌ടിച്ച, വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ അതികായൻ ചെറുകുരി റാമോജി റാവുവിന് കണ്ണീരോടെ വിടനൽകി കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരും ഒപ്പം നാട്ടുകാരും. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം, സിനിമ, വ്യവസായം എന്നിങ്ങനെ വ്യത്യസ്‌തമായ മേഖലകളിൽ വാക്കുകൾക്കതീതമായ സംഭാവനകൾ നൽകിയ റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയർമാൻ കൂടിയായ റാമോജി റാവുവിന് ഔദ്യോഗിക ബഹുമതികളോടെയാണ് അന്ത്യയാത്ര നൽകിയത്. രാഷ്‌ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റിയിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മരണത്തിന് മുമ്പ് തന്നെ ഫിലിം സിറ്റിയിൽ റാമോജി റാവു തനിക്കായി സ്‌മൃതിവനം എന്ന പേരിൽ സ്‌മാരകം പണിഞ്ഞിരുന്നു. ഇവിടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

ഫിലിം സിറ്റിയിലെ റാമോജിയുടെ സ്‌മൃതി വനം സമാധിസ്ഥലം (ETV Bharat)

ശനിയാഴ്‌ച (ജൂൺ 08) മുഴുവൻ പൊതുദർശനത്തിനായി ഫിലിം സിറ്റിയിലെ കോർപ്പറേറ്റ് ഓഫിസിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തെലങ്കാന സർക്കാരിന് വേണ്ടി പൊലീസ് സല്യൂട്ട് നൽകി ആദരിച്ചു. തുടർന്ന് പുഷ്‌പങ്ങളാൽ അലങ്കരിച്ച വൈകുണ്‌ഠ രഥത്തിലേക്ക് മാറ്റിയ ഭൗതിക ശരീരവുമായി അന്ത്യയാത്ര ആരംഭിച്ചു.

വഴിനീളെ പുഷ്‌പവൃഷ്‌ടിയുമായി പ്രിയപ്പെട്ട 'റാമോജി ഗാരുവി'നെ അവസാനമായി ഒരുനോക്കുകാണാൻ ആളുകൾ കണ്ണീരോടെ കാത്തുനിന്നു. അദ്ദേഹം കെട്ടിപ്പടുത്ത ഇടിവി ഭാരത്, ഇടിവി, ഈനാട് എന്നിവയുടെ കൂറ്റൻ ഓഫിസ് സമുച്ചയങ്ങൾക്ക് മുന്നിലൂടെയാണ് അന്ത്യയാത്ര കടന്നുപോയത്. തൊഴിലും ജീവിതവും നൽകിയ 'അന്നദാതാ'വിന് അതത് വകുപ്പുകളിലെ ജീവനക്കാർ ആദരവോടെ അന്തിമ വിട നൽകി.

റാമോജി റാവുവിന്‍റെ മകൻ ഈനാടു എംഡി സി എച്ച് കിരൺ, മരുമക്കൾ ഷൈലജ കിരൺ, വിജയേശ്വരി, കൊച്ചുമക്കളായ സഹരി, ബൃഹതി, ദിവിജ, കീർത്തി സോഹന, സുജയ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ അദ്ദേഹത്തിന് അകമ്പടിയേകി. ഇവർക്കൊപ്പം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ, തെലങ്കാന മന്ത്രി തുമ്മല നാഗേശ്വര റാവു, മുൻ കേന്ദ്രമന്ത്രി എംഎൽഎ സുജന ചൗധരി തുടങ്ങിയവരും വാഹനത്തിൽ ഉണ്ടായിരുന്നു. മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, മുരളി മോഹൻ, തെലങ്കാന മന്ത്രിമാരായ ജൂപള്ളി കൃഷ്‌ണറാവു, സീതക്ക, വെം നരേന്ദർ റെഡ്ഡി, വെനിഗണ്ടല രാമു, അരിക്കാപ്പുടി ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സിനിമ, രാഷ്‌ട്രീയ, പത്രപ്രവർത്തന, വ്യാവസായിക രംഗത്തെ പ്രമുഖർ നേരത്തെ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ശനിയാഴ്‌ച പുലർച്ചെ 4.50ന് ഹൈദരാബാദിലെ സ്റ്റാർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ 87-ാം വയസിലായിരുന്നു റാമോജി റാവുവിന്‍റെ അന്ത്യം. മാധ്യമങ്ങളിലൂടെ ജനത്തെയും ഭാഷയെ തന്നെയും സ്വാധീനിച്ച യഥാർഥ പത്രപ്രവർത്തകനായി വാഴ്‌ത്തപ്പെടുന്ന റാമോജി റാവുവിന്‍റെ വിടവ് നികത്താനാകാത്തതാണ്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച റാമോജി റാവുവിന്‍റെ സ്വപ്‌നങ്ങളോ കാഴ്‌ചപ്പാടുകളോ ഒരിക്കലും മരണപ്പെടുന്നില്ല.

ALSO READ:റാമോജി റാവു; പ്രിന്‍റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മീഡിയയിൽ വിപ്ലവം സൃഷ്‌ടിച്ച മീഡിയ ടൈക്കൂൺ

Last Updated : Jun 9, 2024, 1:44 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ