ഹൈദരാബാദ് :2018ലെയും 2019ലെയും പ്രളയം മലയാളി മറന്നുകാണില്ല. മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടിയപ്പോൾകേരളത്തിന് സഹായഹസ്‌തവുമായി ഈനാടു എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവും എത്തിയിരുന്നു. പ്രളയത്തിൽ നിരവധി പേർക്ക് കിടപ്പാടം നഷ്‌ടമായപ്പോൾ പാവപ്പെട്ടവർക്ക് കോൺക്രീറ്റ് വീടുകൾ നിർമിച്ചുനൽകാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റാമോജി ഗ്രൂപ്പ് ദുരിതാശ്വാസനിധിയിലൂടെയും പണം കണ്ടെത്തി.
അന്ന് വീടുകളുടെ നിർമാണത്തിനായി റാമോജി ഗ്രൂപ്പ് സ്‌പോൺസർഷിപ്പ് പ്രഖ്യാപിച്ചതോടെ നിർമാണം കേരള സർക്കാർ കുടുംബശ്രീ മുഖേനയാണ് നടത്തിയത്. ആലപ്പുഴ ജില്ലയിൽ 116 വീടുകളുടെ പുനർനിർമാണത്തിനായി റാമോജി ഗ്രൂപ്പ് കേരള സർക്കാറിന് വാഗ്‌ദാനം ചെയ്‌തത് 7 കോടി രൂപയാണ്. തുടർന്ന് 2019 ഏപ്രിലിൽ കുടുംബശ്രീയുമായി കരാർ ഒപ്പുവച്ച ശേഷം ഓരോ വീടിനും ആറ് ലക്ഷം രൂപയെന്ന നിലയിൽ 116 വീടുകൾ നിർമിക്കാൻ തീരുമാനിച്ചു.
എന്നാൽ മിച്ചം വന്ന പണത്തിൽ നിന്ന് കുടുംബശ്രീ വനിത കൺസ്‌ട്രക്ഷൻ ഗ്രൂപ്പുകൾ 5 വീടുകൾ കൂടെ അധികം നിർമിച്ച് ആകെ 121 കുടുബത്തിന് കിടപ്പാടം നൽകി. പ്രളയബാധിതരെ സഹായിച്ചതിന് അന്നത്തെ കേരള മന്ത്രിമാർ റാമോജി ഗ്രൂപ്പിന് നന്ദി പറഞ്ഞിരുന്നു.
റാമോജി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ആലപ്പുഴയിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയത്. കേരളത്തെ സഹായിക്കാനായി അന്ന് പലരോടും റാമോജി രാവു അഭ്യര്‍ഥിയ്‌ക്കുകയുണ്ടായി. ഇതിനായി 'ഈനാട് സഹനിധി' എന്ന പേരിൽ തുടങ്ങിയ സഹായ പദ്ധതിയിൽ ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളാണ് സംഭാവനകൾ നൽകിയത്.