ബെംഗലൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ആവശ്യമെങ്കിൽ എൻഐഎയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിക്കമംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിസിബിക്ക് കൈമാറിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതൊരു നിസാര സംഭവമാണെന്ന് പറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീലിന് സിദ്ധരാമയ്യ മറുപടി നല്‍കി. ബോംബ് സ്‌ഫോടനക്കേസ് നിസാര സംഭവമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർക്കാർ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ബ്രാൻഡ് ആയിരുന്ന ബാംഗ്ലൂർ ഇപ്പോൾ ബോംബ് ബാംഗ്ലൂരാണെന്ന ബിജെപിയുടെ വിമർശനത്തിനും സിദ്ധരാമയ്യ മറുപടി നല്‍കി. ബിജെപിയുടെ കാലത്ത് സ്ഫോടനം നടന്നപ്പോൾ ബാംഗ്ലൂർ എന്തായിരുന്നെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. 2008 മുതലുണ്ടായ 4 ബോംബ് സ്‌ഫോടനങ്ങളെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ബോംബ് സ്‌ഫോടനത്തെ ഞാൻ അപലപിക്കുന്നു. ഇതിൽ ബിജെപി രാഷ്‌ട്രീയം കളിക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
അതേസമയം, സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. വിധാൻസഭയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച കേസിനെ കുറിച്ചും രാമേശ്വരം കഫേ സ്‌ഫോടനക്കേസിനെ കുറിച്ചുമുള്ള വിശദാംശങ്ങളും ആഭ്യന്തര മന്ത്രിക്ക് ലഭിച്ചു.കേസിലെ ഇതുവരെയുള്ള അന്വേഷണവും തുടർനടപടികളും പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തതായി യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി പറഞ്ഞു.
എൻഐഎ, എൻഎസ്‌ജി സംഘങ്ങളും അവരുടേതായ അന്വേഷണം നടത്തുന്നുണ്ട്. ബാംഗ്ലൂരിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബാംഗ്ലൂർ സുരക്ഷിത നഗരമാക്കാനുള്ള ശ്രമങ്ങൾ തുടരും. പട്രോളിങ്ങും ഇന്‍റലിജൻസ് വിവരങ്ങളുടെ ശേഖരണവും വർദ്ധിപ്പിക്കാൻ അതത് ഡിവിഷനുകളിലെ ഡിസിപിമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധാൻസൗദയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച കേസിൽ എഫ്എസ്എൽ അന്വേഷണ റിപ്പോർട്ട് വരാനുണ്ട്. റിപ്പോർട്ട് ലഭിച്ചയുടൻ പ്രതികൾക്കെതിരെ നടപടിയെടുക്കും. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Also read :രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം; ആവർത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ നടപടി വേണമെന്ന് കഫേ സിഇഒ