കാലാതി വര്‍ത്തിയായ ഒരു ഇതിഹാസ കാവ്യമാണ് രാമായണം. ആധുനിക ജീവിതത്തിലും രാമായണം ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല.
രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ നാം ഇന്നത്തെ സങ്കീര്‍ണമായ ലോകത്ത് നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമായ ഉല്‍പതിഷ്‌ണുത്വം, അനുകമ്പ തുടങ്ങിയ പല പാഠങ്ങളും പഠിക്കുന്നു. ഈ പാഠങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നതിലൂടെ നാം കൂടുതല്‍ സൗഹാര്‍ദമായ ഒരു ജീവിതം നയിക്കുന്നതിന് പ്രാപ്‌തി നേടുന്നു. രാമനും ചുറ്റുമുള്ളവരും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ പകര്‍ത്തുക വഴി ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ സാധിക്കുന്നു.
വെല്ലുവിളി നിറഞ്ഞ കർക്കടക മാസത്തില്‍ മാനസികവും ശാരീരികവുമായ ഉണര്‍വ് നേടാന്‍ കേരളത്തിലെ ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കാറുണ്ട്. തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക.
രാമായണ മാസത്തിന്‍റെ ഒന്‍പതാം ദിവസം അയോധ്യാകാണ്ഡത്തിലെ വാത്മീകിയുടെ ആത്മകഥ മുതൽ സംസ്‌കാരകർമ്മം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്. ഈ ഭാഗങ്ങളിൽ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും അവയുടെ ഗുണപാഠവും നമുക്ക് നോക്കാം.
വാത്മീകിയുടെ ആത്മകഥ
പാപാത്മകമായ ഒരു കാട്ടാളനില്‍ നിന്ന് ഒരു മഹര്‍ഷിയിലേക്കുള്ള വാത്മീകിയുടെ പരിവര്‍ത്തനമാണ് ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. സ്വന്തം കുടുംബം പുലര്‍ത്താനായി പല അധര്‍മ്മകളും ചെയ്യുന്ന ഒരു മോഷ്‌ടാവായിരുന്നു അയാള്‍. ഒരിക്കല്‍ സപ്‌തര്‍ഷികളെ കൊള്ളയടിക്കാനായി എത്തിയപ്പോള്‍ അവര്‍ അയാളോട് തന്‍റെ കുടുംബാംഗങ്ങള്‍ കൂടി ഈ പാപകര്‍മ്മങ്ങളുടെ ഫലം പങ്ക് വയ്ക്കുമോയെന്ന് ആരാഞ്ഞ് വരാന്‍ പറയുന്നു. അവര്‍ ഒരിക്കലും ഇതിന്‍റെ പങ്ക് പറ്റില്ലെന്നും അവരവര്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ ഫലം അവരവര്‍ തന്നെയാണ് അനുഭവിക്കേണ്ടതെന്നും ഭാര്യയും മക്കളും അയാളോട് പറയുന്നു. തുടര്‍ന്ന് ദുഃഖിതനായി തീര്‍ന്ന വാത്മീകി സപ്‌തര്‍ഷികള്‍ക്ക് അടുത്തേക്ക് മടങ്ങി വരികയാണ്. മര മര എന്ന് ജപിച്ച് കൊണ്ട് ധ്യാനിക്കാനും അത് വഴി മോക്ഷം പ്രാപിക്കാനും സപ്‌തര്‍ഷികള്‍ വാത്മീകയെ ഉപദേശിക്കുന്നു. രാമനിലുള്ള അദ്ദേഹത്തിന്‍റെ അടിയുറച്ച ഭക്തി വിശുദ്ധനും ജ്ഞാനിയുമായ മറ്റൊരാളാക്കി അയാളെ മാറ്റുന്നു.
ഗുണപാഠം
നമ്മുടെ പാത മാറ്റാന്‍ ഒരിക്കലും വൈകാറില്ലെന്ന തത്വമാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്. പശ്ചാത്താപത്തിലൂടെ നമുക്ക് മോക്ഷം കൈവരും. ആത്മാര്‍പ്പണത്തിലൂടെ ഏതൊരാള്‍ക്കും ധര്‍മ്മത്തിന്‍റെ പാതയിലേക്ക് തിരികെ വരാനാകും.
ദശരഥന്‍റെ ചരമഗതി
രാമനെയോര്‍ത്ത് ദുഃഖിച്ച് ദുഃഖിച്ച് ദശരഥന്‍ കാലാപുരി പൂകുന്നു. കൈകേയിക്ക് നല്‍കിയ ഒരു വരമാണ് ഇതിനെല്ലാം ഹേതുവാകുന്നത്. പണ്ട് ഒരു സന്യാസിയാല്‍ തനിക്ക് ലഭിച്ച ഒരു ശാപവും മരണ സമയത്ത് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അബദ്ധത്തില്‍ അദ്ദേഹത്തിന്‍റെ മകനെ കൊന്ന ദശരഥന്‍ പുത്രദുഃഖത്താല്‍ മരിക്കാനിട വരട്ടെ എന്നായിരുന്നു ശാപം. ഹൃദയം തകര്‍ന്ന് ദശരഥന്‍ മരിക്കുന്നു.
ഗുണപാഠം
വാഗ്‌ദാനങ്ങളുടെ ഫലവും നമ്മുടെ പ്രവൃത്തികളുടെ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങളും ഈ കഥ നമ്മോട് പറഞ്ഞു തരുന്നു. തീരുമാനങ്ങള്‍ ആലോചിച്ചും ഉത്തരവാദിത്തത്തോടെയും എടുക്കണമെന്നും ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.