ന്യൂഡൽഹി:ജൂലായ് ഒമ്പതിന് ലണ്ടനിലെ ടോണി ബ്ലെയർ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ചില്‍ നടക്കുന്ന 'ഫ്യുച്ചർ ഓഫ് ബ്രിട്ടൻ കോൺഫറൻസിൽ' മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. 'ഗവേണിങ് ഇൻ ദി ഏജ് ഓഫ് എഐ- റിഇമാജിൻഡ് സ്റ്റേറ്റ്' എന്ന വിഷയത്തിലായിരിക്കും ബിജെപി നേതാവ് സംസാരിക്കുക. ഡിജിറ്റൽ സംരംഭങ്ങള്‍ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്‌തതിലെ ഇന്ത്യയുടെ അനുഭവങ്ങളും തന്ത്രങ്ങളും പങ്കിടാനാണ് പ്രധാനമായും ചന്ദ്രശേഖറിനെ ക്ഷണിച്ചിരിക്കുന്നത്.
ഡിജിറ്റൽ ഐഡി, ഡിപിഐ, സാങ്കേതികവിദ്യ എന്നിവയിലൂടെ എങ്ങനെ സർക്കാരുകളെയും ഭരണത്തെയും പരിവർത്തനപ്പെടുത്താം എന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ കോൺഫറൻസിൽ സംസാരിക്കും. ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങൾക്ക് എന്തൊക്കെ പഠിക്കാനാകുമെന്നും ഡിജിറ്റൽ സ്‌പെയ്‌സിലെ ഇന്ത്യയുടെ വിജയം എങ്ങനെ മാതൃകയാകാനാകുമെന്നും അദ്ദേഹം വിശദീകരിക്കും. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഭാവിയെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന ഒരു അജണ്ട മുന്നോട്ടുവെക്കുന്നതിനും 21-ാം നൂറ്റാണ്ടില്‍ സംസ്ഥാനത്തെ പുനർവിചിന്തനം ചെയ്യുന്നതിനും ആവശ്യമായ പദ്ധതികളെ കുറിച്ച് കോൺഫറന്‍സില്‍ ചര്‍ച്ചചെയ്യും.