ന്യൂഡൽഹി: 2025 ലെ കുംഭമേള പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള ഭക്തർക്കായി 900 ലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 30 കോടിയോളം ഭക്തർ മേള സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിൻ്റെയും കേന്ദ്രത്തിൻ്റെയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഭക്തരുടെ സുരക്ഷിതമായ സഞ്ചാരത്തിനായി റെയിൽവേ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) പങ്കജ് കുമാർ സിങ് പറഞ്ഞു. തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌ത റെയിൽവേ ബോർഡ് ചെയർപേഴ്‌സണായ ജയ വർമ സിൻഹ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 20) വിവിധ സോണുകളിലെ ഉദ്യോഗസ്ഥരുമായി പ്രവൃത്തികളുടെ പുരോഗതി പരിശോധിച്ചിരുന്നു.
പ്രയാഗ്‌രാജിൽ സംഘടിപ്പിക്കുന്ന കുംഭമേളയിൽ യാത്രക്കാരുടെ സൗകര്യാർത്ഥം വേണം കർമപദ്ധതി തയ്യാറാക്കേണ്ടതെന്ന് ജയ വർമ സിൻഹ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്റ്റേഷനുകളിൽ കർശന സുരക്ഷയുടെ ഭാഗമായി കൺട്രോൾ ടവറിൽ സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അനൗൺസ്‌മെൻ്റ് നടത്തുന്നതിനായി ഉയർന്ന നിലവാരമുള്ള ഉച്ചഭാഷിണികൾ സ്ഥാപിക്കുവാൻ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.