ന്യൂഡൽഹി:ഡിസൈൻ ക്ലിയറൻസ് പ്രശ്‌നങ്ങൾ മൂലം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വൈകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഡിസൈൻ ഒരിക്കലും പ്രശ്‌നമല്ലെന്നും ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള പ്രവർത്തികൾ റഷ്യൻ കമ്പനി ഉടന്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
ട്രെയിനിൽ ടോയ്‌ലറ്റുകളും പാൻട്രി കാറും വേണമെന്ന് ഇന്ത്യൻ റെയിൽവേ ആവശ്യപ്പെട്ടതായി റഷ്യൻ കമ്പനിയായ ട്രാൻസ്‌മാഷ്‌ഹോൾഡിങ് (ടിഎംഎച്ച്) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ട്രെയിനിന്‍റെ രൂപകല്‍പനയിൽ മാറ്റം വരുത്തിയതിനാല്‍ റെയിൽവേ മന്ത്രാലയത്തിന്‍റെ ആശങ്കകൾ കമ്പനി ക്ലിയറൻസിനായി മന്ത്രാലയത്തിന് അയച്ചുവെന്നും, എന്നാൽ മന്ത്രാലയം പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. കരാർ പ്രകാരം 1,920 സ്ലീപ്പർ കോച്ചുകളാണ് കമ്പനി നിർമ്മിക്കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കമ്പനിയുടെ പരിമിതമായ നിർമ്മാണ ശേഷിയാണ് യഥാർത്ഥ പ്രശ്‌നമെന്നും മന്ത്രി വെളിപ്പെടുത്തി. റഷ്യയിലെ ട്രെയിനുകൾക്ക് ഇന്ത്യയെ അപേക്ഷിച്ച് കോച്ചുകളുടെ എണ്ണം കുറവായതിനാലാണ് നിര്‍മാണത്തിലെ ഈ ബുദ്ധിമുട്ട് എന്നും മന്ത്രി വിശദീകരിച്ചു.